കൊച്ചി: സംസ്‌ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം നേടിയ ട്രാൻസ് വുമൺ നേഹയെ സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ Queer ഫിലിം ഫെസ്‌റ്റിവലായ പതിമൂന്നാമത് കാഷിഷ് ഫിലിം ഫെസ്‌റ്റിവൽ വേദിയിൽ ആദരിച്ചു.
ചരിത്രത്തിലാദ്യമായാണ് ലൈംഗികന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ഒരു ട്രാൻസ് വുമൺ ചലച്ചിത്ര പുരസ്‌കാരം നേടുന്നത്. ഫോട്ടോ ജേർണലിസ്‌റ്റ് പി അഭിജിത്ത് ആദ്യമായി സംവിധാനം ചെയ്ത ‘അന്തരം‘ എന്ന മലയാള ചലച്ചിത്രത്തിലെ അഭിനയത്തിനാണ് കേരളത്തിന്റെ ചലച്ചിത്ര പുരസ്‌കാരം നേഹക്ക് ലഭിച്ചത്.
ചെന്നൈ സ്വദേശിയായ നേഹ 2021ലെ ‘സ്‌ത്രീ-ട്രാൻസ്ജെൻഡർ‘ കാറ്റഗറിയിലെ അവാർഡിനാണ് അർഹയായത്. ജൂൺ 1ന് ആരംഭിച്ച് ഇന്നലെ അവസാനിച്ച കാഷിഷ് ഫിലിം ഫെസ്‌റ്റിവലിൽ ഉൽഘാടന ചിത്രമായാണ് മുംബൈയിലെ ലിബർട്ടി സിനിമാസിൽ ‘അന്തരം‘ പ്രദർശിപ്പിച്ചത്.
ഉള്ളടക്കവും അവതരണവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അന്തരം. ജയ്‌പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവൽ ഉൾപ്പടെ നിരവധി രാജ്യാന്തര ഫിലിം ഫെസ്‌റ്റിവലുകളിൽ പ്രദർശിപ്പിച്ച ‘അന്തരം‘ മികച്ച നിരൂപക അഭിപ്രായങ്ങളും നേടിയ ചിത്രമാണ്.
കോള്‍ഡ് കേസ്, എസ് ദുര്‍ഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ നായരാണ് ചിത്രത്തിലെ നായകന്‍. ‘രക്ഷാധികാരി ബൈജു’ വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്‌ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് അന്തരത്തിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവിസ്‌റ്റുമായ എ രേവതി അതിഥി താരമായി ചിത്രത്തിലുണ്ട്.
ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ജീവിതം പ്രമേയമായി വിവിധ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്‌തമാണ് അന്തരമെന്ന് സംവിധായകന്‍ പി അഭിജിത്ത് പറയുന്നു. ചിത്രം കുടുംബ പശ്‌ചാത്തലത്തിനൊപ്പം ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ സോഷ്യല്‍ പൊളിറ്റിക്‌സും പറയുന്നതായും അഭിജിത്ത് പറഞ്ഞു.

ട്രാൻസ്ജെൻഡർ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്‌സിബിഷനുകളും ഡോക്യുമെന്ററികളും തയാറാക്കി ശ്രദ്ധേയനാണ് പി അഭിജിത്ത്. തിരക്കഥ, സംഭാഷണം ഷാനവാസ് എംഎ ആണ് ചെയ്‌തിരിക്കുന്നത്. ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി ജിയോ, രേണുക അയ്യപ്പന്‍, എ ശോഭില എന്നിവർ നിർമാതാക്കളായും ജസ്‌റ്റിൻ ജോസഫ്, മഹീപ് ഹരിദാസ് എന്നിവർ സഹനിർമാതാക്കളും ആകുന്ന ‘അന്തരം‘ പിആർ സുമേരനാണ് വാർത്താ പ്രചരണം നിർവഹിക്കുന്നത്.
Most Read: കറൻസിയിലെ ഗാന്ധിചിത്രം; മാറ്റം വരുത്താൻ ആലോചിക്കുന്നില്ല: ആർബിഐ