102ആം വയസിലും പച്ചക്കറി വിൽപന; ജീവിതത്തോട് പൊരുതി ലക്ഷ്‌മിയമ്മ

By News Desk, Malabar News
Representational Image
Ajwa Travels

102 വയസുള്ള ഒരു മുത്തശ്ശി എന്ന് കേൾക്കുമ്പോൾ പ്രായാധിക്യം മൂലം കിടപ്പിലായിരിക്കുന്ന ഒരു രൂപമാണ് ചിന്തിക്കുന്നതെങ്കിൽ ലക്ഷ്‍മിയമ്മ ആ ചിന്ത തിരുത്തും. പശ്‌ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലെ ജോഗിബെർഹ് ഗ്രാമത്തിൽ പച്ചക്കറി വിറ്റ് ഉപജീവനം നടത്തുന്ന ലക്ഷ്‌മി എന്ന 102 വയസുകാരി എല്ലാവർക്കും അൽഭുതമാണ്. നേരം വെളുക്കുന്നതിന് മുൻപ് തന്നെ ലക്ഷ്‌മിയമ്മ തന്റെ ജോലി ആരംഭിച്ചിരിക്കും. അതും ഇന്നും ഇന്നലെയുമല്ല കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി പച്ചക്കറി വാങ്ങി ചന്തയിൽ കൊണ്ട് വിൽക്കുന്ന ജോലി തുടരുകയാണ് ലക്ഷ്‌മിയമ്മ.

കുടുംബത്തിന്റെ പട്ടിണി മാറ്റാൻ തുടങ്ങിയ തൊഴിൽ മകന് ജോലിയായിട്ടും ഉപേക്ഷിക്കാൻ ലക്ഷ്‌മിയമ്മ തയ്യാറായില്ല. പുലർച്ചെ നാല് മണിക്ക് കൊലാഘട്ടിൽ പോയി പച്ചക്കറികൾ മൊത്തമായി വാങ്ങും. തുടർന്ന് അതൊരു വണ്ടിയിൽ കയറ്റി, ചന്തയിൽ കൊണ്ട് പോയി വിൽക്കും. ഏകദേശം 48 വർഷം മുൻപാണ് ലക്ഷ്‌മിയുടെ ഭർത്താവ് മരിക്കുന്നത്. തങ്ങളുടെ ഏക ആശ്രയമായ ഭർത്താവ് മരിച്ചതോടെ എന്തുചെയ്യണമെന്ന് അറിയാതെ ലക്ഷ്‌മി പകച്ചു. ദിവസങ്ങളോളം മകനുമായി പട്ടിണി കിടന്നു.

എന്നാൽ, എത്ര നാൾ ഇങ്ങനെ കഴിയുമെന്ന ചിന്ത ലക്ഷ്‌മിയെ അലട്ടി. അങ്ങനെയാണ് അവർ പച്ചക്കറി കച്ചവടത്തിലേക്ക് തിരിഞ്ഞത്. ഒരുപാട് കഷ്‌ടതകളിലൂടെ കടന്നുപോയാണ് ലക്ഷ്‌മിയമ്മ കുടുംബം നോക്കിയത്. അസുഖം വരുന്ന ദിവസങ്ങളിൽ പോലും അത് മറച്ചുവെച്ച് ജോലിക്ക് പോയിരുന്നു. ഒരു ദിവസം കച്ചവടം മുടങ്ങിയാൽ വീട് പട്ടിണിയാകുമെന്ന് ലക്ഷ്‌മിക്ക് ബോധ്യമുണ്ടായിരുന്നു.

കുറച്ച് വർഷങ്ങൾക്ക് മുൻപ് ലക്ഷ്‌മിയമ്മയുടെ കഷ്‌ടപ്പാടുകൾ ശ്രദ്ധയിൽ പെട്ട എൻജിഒ ഹെൽപ്പ് ഏജ് ഇന്ത്യ സഹായവുമായി രംഗത്തെത്തി. പ്രായമായ സ്‌ത്രീകൾക്ക് വേണ്ടിയുള്ള അവരുടെ ഇഎസ്‌എച്ച്‌ജി എന്ന പദ്ധതിയുടെ കീഴിൽ ലക്ഷ്‌മിക്കും കുടുംബത്തിനും ഒരു മെച്ചപ്പെട്ട ജീവിതം സംഘടന വാഗ്‌ദാനം ചെയ്‌തു. ഇപ്പോൾ മെച്ചപ്പെട്ട ജീവിതമാണ് ലക്ഷ്‌മിയും കുടുംബവും നയിക്കുന്നത്.

വീട്ടിൽ ഫർണിച്ചറുകളും ടെലിവിഷനും ഉൾപ്പടെയുണ്ട്. എട്ട് വർഷം മുമ്പ് എൻ‌ജി‌ഒ ലക്ഷ്‌മിയുടെ മകന് ഒരു ചായക്കട തുടങ്ങാൻ 40,000 രൂപ വായ്‌പയായി നൽകിയിരുന്നു. ഇതോടെ സ്‌ഥിതി കുറച്ചുകൂടി മെച്ചപ്പെട്ടു. ഇന്ന് മകൻ ഗൗറിന് 64 വയസുണ്ട്. തന്റെ അമ്മയെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണെന്ന് ഗൗർ പറയുന്നു.

“അമ്മ എന്നെ മാത്രമല്ല, എന്റെ കുട്ടികളെയും പോറ്റി. എന്റെ മകളുടെ വിവാഹത്തിന് ആവശ്യമായ പണം അമ്മയാണ് നൽകിയത്. ഞങ്ങൾക്ക് ഒരു വീട് ഉണ്ടാക്കി, കടങ്ങളും തീർത്തു” ഗൗർ പറഞ്ഞു. ഗൗറിന്റെ മക്കളും ആവശ്യങ്ങൾ പറഞ്ഞ് സമീപിക്കുന്നത് ലക്ഷ്‌മിയെ തന്നെയാണ്. “മിക്ക കേസിലും, മകനാണ് വൃദ്ധയായ അമ്മയെ നോക്കുന്നത്. എന്നാൽ, എന്റെ അമ്മ ഒരിക്കലും എന്നെ ആശ്രയിച്ചിരുന്നില്ല. എന്റെ അമ്മ, ഒരു ഉരുക്കു വനിതയാണ്” ഗൗർ കൂട്ടിച്ചേർത്തു. ഇത്രയൊക്കെ കുടുംബത്തെ നോക്കിയില്ലേ, ഇനി അതൊക്കെ മതിയാക്കി വിശ്രമജീവിതം നയിച്ചുകൂടെ എന്ന ചോദ്യത്തിന് സമയമായിട്ടില്ല എന്നാണ് ലക്ഷ്‌മിയമ്മയുടെ പ്രതികരണം.

Most Read: ‘പൂച്ച സർ ഹാജർ’; മുടങ്ങാതെ ഓൺലൈൻ ക്‌ളാസിൽ, ബിരുദദാന ചടങ്ങിൽ പൂച്ചക്കും അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE