കണ്ണൂർ: കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. ചക്കരക്കൽ പള്ളിപ്പൊയിൽ സ്വദേശി എംവി. സനൽ കുമാർ (37) ആണ് മരിച്ചത്. അടുത്ത വീട്ടിൽ കിണർ വൃത്തിയാക്കുന്നത് സഹായിക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് സനൽ കുമാർ കുഴഞ്ഞുവീണത്.
ഉടൻ തന്നെ പള്ളിപ്പൊയിലിലെ സ്വകാര്യ ക്ളിനിക്കിലും തുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് മരണം സംഭവിച്ചത്. സൂര്യാഘാതമാണ് മരണകാരണമെന്ന് ഡോക്‌ടർമാർ അറിയിച്ചു.
ദുബായിൽ ജോലി ചെയ്‌തിരുന്ന സനൽ കുമാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ രണ്ടുദിവസമായി സമീപത്തെ വീട്ടിൽ കിണർ വൃത്തിയാക്കുന്നവർക്ക് ഒപ്പം സഹായിയായി ജോലി ചെയ്‌തുവരികയാണ്. പള്ളിപ്പൊയിലിലെ കുഞ്ഞികൃഷ്‌ണന്റെയും സതിയുടെയും മകനാണ്. ഭാര്യ: ആതിര. മക്കൾ: ശിവരുദ്ധ്, റയാൻ. മൃതദേഹം സംസ്‌കരിച്ചു.
അതേസമയം, കോഴിക്കോട് നാദാപുരത്ത് അങ്കണവാടി അധ്യാപികയ്‌ക്കും സൂര്യാഘാതമേറ്റിട്ടുണ്ട്. വളയം ചെറുമോത്തെ അനിലയുടെ വലതുകൈക്കാണ് പൊള്ളലേറ്റത്. അങ്കണവാടിയിൽ ജോലി ചെയ്‌തുകൊണ്ടിരിക്കെയാണ് ശാരീരികാസ്വസ്‌ഥത അനുഭവപ്പെട്ടത്. തുടർന്ന് ചികിൽസ തേടുകയായിരുന്നു. മലപ്പുറം വണ്ടൂരിൽ നാലുവയസുകാരി ഇസ ജോണിനും സൂര്യാഘാതമേറ്റിട്ടുണ്ട്. കളിച്ചുകൊണ്ടിരിക്കെയാണ് പൊള്ളലേറ്റത്.
നിലവിൽ വണ്ടൂർ ആശുപത്രിയിൽ ചികിൽസയിൽ തുടരുന്ന ഇസയുടെ ആരോഗ്യനില തൃപ്‌തികരമാണ്. അതിനിടെ, സംസ്‌ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് നൽകി. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. 2024ന് ശേഷം സംസ്‌ഥാനത്ത് ആദ്യമായാണ് ഉഷ്‌ണതരംഗ മുന്നറിയിപ്പ് നൽകുന്നത്.
പാലക്കാട് 41 ഡിഗ്രി സെൽഷ്യസാണ് താപനില. കടുത്ത വേനൽ ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ പുറംജോലികളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ




































