പുനർജൻമം കിട്ടിയതിന്റെ സന്തോഷത്തിലും അമ്പരപ്പിലുമാണ് കോഴഞ്ചേരി നടുവിലേതിൽ 93-കാരിയായ ഗൗരിയമ്മ. ചൊവ്വാഴ്‌ച ഉച്ചയ്‌ക്കാണ് അയൽവാസിയുടെ വീട്ടിലെ കിണറ്റിൽ ഗൗരിയമ്മ അബദ്ധത്തിൽ വീണത്. കിണറ്റിലെ കപ്പിയിൽ കയർ കുരുങ്ങിയത് എടുക്കാൻ ശ്രമിക്കവേയായിരുന്നു അപകടം. നല്ല ആഴമുള്ള കിണറായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു ഈ അപകടം.
യാദൃശ്‌ചികമായി അവിടെയെത്തിയ അയൽവാസിയാണ് കിണറ്റിന്റെ കരയിൽ ചെരുപ്പുകൾ കാണുകയും കിണറ്റിൽ നിന്ന് ആളനക്കവും കേട്ടത്. അപകടം മനസിലാക്കിയ അയൽവാസി ജോലിക്കുപോയ മകൻ ഓമനക്കുട്ടനെ വിളിച്ചുവരുത്തി. പിന്നീട് വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്ന് ശ്രമകരമായി ഗൗരിയമ്മയെ പുറത്തെടുക്കുകയായിരുന്നു.
നടവഴി മാത്രമുള്ള വീട്ടിൽ നിന്നും സാഹസികമായാണ് പിന്നീട് ആറൻമുള പോലീസ് രക്ഷാപ്രവർത്തനം ഏറ്റെടുത്ത് വിജയിപ്പിച്ചത്. റോഡിൽ നിന്നും 200 മീറ്ററിലധികം ദൂരത്തിൽ വീട്ടിലേക്ക് നീളുന്ന നന്നേ ഞെരുങ്ങിയ ഇടവഴിയിലൂടെ എസ്‌എച്ച്ഒ വിഎസ് പ്രവീണും എസ്‌ഐ വിഷ്‌ണുവും ഗൗരിയെ കൈകളിൽ ചുമന്ന് റോഡിൽ എത്തിച്ചത് മിനിറ്റുകൾക്കുള്ളിലാണ്. എസ്‌സിപിഒ താജുദീൻ, സിപിഒ വിഷ്‌ണു എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
ഗൗരിയെ സുരക്ഷിതമായി സ്‌ട്രെക്‌ചറിൽ കിടത്തി ആംബുലൻസിൽ കയറ്റി പോലീസ് സംഘം തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെങ്കിലും കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഇപ്പോൾ ഗൗരിയമ്മ. പുനർജൻമമായി കരുതാവുന്ന ഈ രക്ഷപ്പെടലിൽ നാട്ടുകാർക്കും ആറൻമുള പോലീസിനും കൈകൾ കൂപ്പി ഹൃദയം നിറഞ്ഞ നന്ദി പറയുകയാണ് ഈ വയോധിക.
Most Read| പേവിഷബാധ; ഒമ്പത് വർഷത്തിനിടെ 124 മരണം, കടിയേറ്റവർ 17.39 ലക്ഷം