ആലപ്പുഴ: എഎം ആരിഫ് എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് ആകാശവാണി ആലപ്പുഴ പ്രസരണ നിലയം ഭാഗികമായി പൂട്ടാനുള്ള തീരുമാനം താല്‍കാലികമായി മരവിപ്പിച്ചു. ഒരാഴ്‌ചത്തേക്കാണ് തീരുമാനം മരവിപ്പിച്ചത്. എഫ്എം നിലനിര്‍ത്തി എഎം ട്രാന്‍സ്‌മിറ്റര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വെള്ളിയാഴ്‌ച കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഉത്തരവിട്ടിരുന്നു.
ആലപ്പുഴ കേന്ദ്രത്തില്‍ 200 കിലോവാട്ട് പ്രസരണ ശേഷിയുള്ള എഎം ട്രാന്‍സ്‌മിറ്റര്‍ അഞ്ച് കിലോ വാട്ട് ശേഷിയുള്ള എഫ്എം ട്രാന്‍സ്‌മിറ്ററുമാണ് ഉള്ളത്. തിരുവനന്തപുരം നിലയത്തില്‍ നിന്നുള്ള പരിപാടികള്‍ ഇത് വഴിയാണ് വിവിധ ഇടങ്ങളില്‍ ലഭിക്കുന്നത്. ഇതില്‍ എഎം ട്രാന്‍സ്‌മിറ്റര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആയിരുന്നു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ്.
എഎം വഴിയുള്ള പ്രസരണശേഷി എഫ്എം ട്രാന്‍സ്‌മിറ്ററിന് ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് ശ്രോതാക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ഇതുമൂലം പലയിടത്തും ആകാശവാണി കിട്ടാതെയാകുമെന്നും ഉദ്യോഗസ്‌ഥര്‍ പറയുന്നു. ഈ വിഷയം ചൂണ്ടികാട്ടി എഎം ആരിഫ് എംപി കേന്ദ്രസര്‍ക്കാരിന് കത്തയച്ചതിന് പിന്നാലെയാണ് നടപടി താല്‍കാലികമായി മരവിപ്പിച്ചത്.
നിലയം ഭാഗികമായി പൂട്ടുമ്പോള്‍ പകുതിയോളം ജീവനക്കാര്‍ക്ക് സ്‌ഥലം മാറി പോകേണ്ടി വരും. കൂടാതെ റേഡിയോയെ ആശ്രയിക്കുന്ന നിരവധി പേരുള്ള നാടാണ് നമ്മുടേതെന്നും റേഡിയോ സംവിധാനങ്ങളെയെല്ലാം തകര്‍ത്ത് സ്വകാര്യവല്‍കരിക്കാന്‍ ആണ് സുപ്രധാന സ്‌റ്റേഷന്റെ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ നോക്കുന്നതെന്നും ആരിഫ് എംപി വ്യക്‌തമാക്കി
അതേസമയം പൂട്ടല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ തൊഴിലാളി സംഘടനകളോടൊപ്പം ശ്രോതാക്കളെയും പങ്കെടുപ്പിച്ച് സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനമെന്നും എംപി വ്യക്‌തമാക്കി.
Read Also: നോട്ട് നിരോധനം രാജ്യത്തിന് ഏറെ ഗുണം ചെയ്‌തു; പ്രധാനമന്ത്രി







































