പ്രതിപക്ഷ നേതാവെത്തി; എല്ലാം ശരിയായി; ആകാശവാണി ആലപ്പുഴ സ്‌റ്റേഷൻ തുടർന്ന് പ്രവർത്തിക്കും

By News Desk, Malabar News
Alappuzha Akashavani Station
Ajwa Travels

ആലപ്പുഴ: ആകാശവാണി ആലപ്പുഴ സ്‌റ്റേഷന്റെ പ്രവർത്തനം പ്രതിപക്ഷ നേതാവിന്റെ ഇടപെടലോടെ വീണ്ടും തുടങ്ങുന്നു. സ്‌റ്റേഷന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന പ്രസാർ ഭാരതിയുടെ തീരുമാനം പിൻവലിക്കാൻ കേന്ദ്ര വാർത്താ വിനിമയ മന്ത്രി പ്രകാശ് ജാവേദ്‌കർക്ക് കത്തയച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ട് ആലപ്പുഴ സ്‌റ്റേഷൻ സന്ദർശിച്ചു. സ്‌റ്റേഷൻ പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലായിരുന്നു ചെന്നിത്തലയുടെ സന്ദർശനം.

രാജ്യത്തിന്റെ പല കോണുകളിലെ റേഡിയോ നിലയങ്ങളിലേക്ക് ട്രാൻസ്‌ഫർ വാങ്ങാൻ തയാറായ ജീവനക്കാരാണ് സ്‌റ്റേഷനിൽ ഉണ്ടായിരുന്നത്. ഇവരുടെ സാന്നിദ്ധ്യത്തിൽ ചെന്നിത്തല ആകാശവാണി സിഇഒ ശശിശേഖർ വെൺപതിയുമായി ഫോണിൽ സംസാരിച്ചു. മൽസ്യത്തൊഴിലാളികൾ അടക്കമുള്ളവർക്ക് റേഡിയോ സിഗ്‌നൽ കിട്ടാത്തത് വലിയ പ്രശ്‌നമാണെന്ന കാര്യം പ്രതിപക്ഷ നേതാവ് സിഇഒയെ അറിയിച്ചു. കുട്ടനാട് ഉൾപ്പടെയുള്ള സ്‌ഥലങ്ങളിൽ വെള്ളം പൊങ്ങിയപ്പോഴും പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചപ്പോഴും താങ്ങായി നിന്ന റേഡിയോ ആലപ്പുഴയിൽ ചെയ്യുന്ന സേവനങ്ങൾ അതുല്യമാണെന്ന് അദ്ദേഹം സിഇഒയെ ഓർമിപ്പിച്ചു.

ഫോൺ വെച്ചപ്പോൾ തന്നെ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയായി. അരമണിക്കൂറിനുള്ളിൽ തന്നെ നിലയത്തിൽ നിന്ന് പ്രസരണം തുടരാൻ ആകാശവാണി ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ എം ഗൗരിക്ക് സിഇഒയുടെ പ്രത്യേക നിർദ്ദേശമെത്തി. സ്‌റ്റേഷൻ നിർത്താനുള്ള തീരുമാനം പിൻവലിച്ച വിവരം ഇന്നലെ രാത്രി 11.30 ഓടെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

ആലപ്പുഴ സ്‌റ്റേഷൻ ട്രാൻസ്‌മിറ്റർ അടച്ചു പൂട്ടാൻ ആറാം തീയതിയാണ് പ്രസാർ ഭാരതി ഉത്തരവിട്ടത്. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എംപി ആരിഫ് കത്തയച്ചെങ്കിലും അടച്ചു പൂട്ടാനുള്ള തീയതി ആകാശവാണി നീട്ടിക്കൊടുക്കുകയാണ് ചെയ്‌തത്‌. തുടർന്ന് ജീവനക്കാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് ആകാശവാണി ആൻഡ് ദൂരദർശൻ എഞ്ചിനീയേഴ്‌സ് എംപ്ളോയീസിന്റെ അഭ്യർഥന പ്രകാരമാണ് പ്രതിപക്ഷ നേതാവ് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE