കാണാതായ രണ്ടുവയസുകാരനെ 16 മണിക്കൂറിന് ശേഷം കണ്ടെത്തിയത് ഒരു വളർത്തുനായ. അരിസോണിലാണ് സംഭവം. തിങ്കളാഴ്‌ച വൈകീട്ട് അഞ്ചുമണിക്കാണ് സെലിംഗ്‌മാനിലെ വീട്ടിൽ നിന്ന് രണ്ടുവയസുകാരനെ കാണാതാകുന്നത്.
യവാപായ് കൗണ്ടി ഷെരീഫ് ഓഫീസിൽ കുടുംബത്തിന്റെ പരാതി ലഭിച്ചതോടെ നാൽപ്പതിലധികം സേർച്ച് ആൻഡ് റെസ്‌ക്യൂ അംഗങ്ങൾ കുട്ടിക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ, 16 മണിക്കൂറോളം തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല.
അനലോറ്റിയൻ പൈറനീസിൽ നിന്നുള്ള ബുഫോൾഡ് എന്ന വളർത്തുനായയാണ് ഒടുവിൽ കുഞ്ഞിനെ കണ്ടെത്തിയത്. പതിവ് നടത്തത്തിന് ഇറങ്ങുമ്പോഴാണ് കുഞ്ഞിനെ കണ്ടതെന്ന് ബുഫോൾഡിന്റെ ഉടമ പറഞ്ഞു. നായയുടെ ഉടമ പറയുന്നത് അനുസരിച്ച്- വീടിന്റെ ഗേറ്റിനോട് ചേർന്ന് ബുഫോൾഡ് എന്തോ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നത് കാണുകയും താൻ പുറത്തിറങ്ങി നോക്കിയപ്പോൾ കുട്ടിയെ കാണുകയുമായിരുന്നു.
കുഞ്ഞിനെ സുരക്ഷിതനാക്കിയ ശേഷം ഉടമ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മരച്ചുവട്ടിൽ ഉറങ്ങിക്കിടന്നപ്പോഴാണ് നായ തന്നെ കണ്ടതെന്നും അടുത്തേക്ക് വന്നെങ്കിലും അക്രമിച്ചിട്ടില്ലെന്നും കുട്ടി പിന്നീട് പോലീസ് ഉദ്യോഗസ്‌ഥരോട് പറഞ്ഞു. കുട്ടിയെ സംരക്ഷിച്ചതിന് ബുഫോൾഡിനോടും ഉടമയോടും ഉദ്യോഗസ്‌ഥർ നന്ദി പറഞ്ഞു.
Most Read| ഹെയർ ഓയിൽ വിറ്റ് സമ്പാദിച്ചത് 34 കോടി; വിജയത്തേരിൽ എറിം കൗർ