ബെംഗളൂരു: കർണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹത്തിന്റെ അവശേഷിപ്പുകൾ ഇന്ന് വൈകിട്ടോടെ കുടുംബത്തിന് കൈമാറും. ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് കൈമാറുക.
അർജുന്റെ സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അർജുന്റെ തുടയെല്ലും നെഞ്ചിന്റെ ഭാഗത്തുള്ള വാരിയെല്ലിന്റെ ഒരു ഭാഗവുമാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്.
രണ്ടു ഡിഎൻഎയും ഒത്തുപോകുന്നുവെന്ന് വാക്കാൽ വിവരം ലഭിച്ചാൽ തന്നെ മൃതദേഹത്തിന്റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ടുനൽകാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ആശുപത്രിയിലെ ഫൊറൻസിക് വിഭാഗത്തിന്റെ വീഴ്‌ചയാണ് സാമ്പിൾ ലാബിലേക്ക് എത്തിക്കാൻ വൈകിയത്. അർജുന്റെ വീട്ടുവളപ്പിൽ ആയിരിക്കും അന്ത്യകർമങ്ങൾ നടക്കുക.
ലോറി ഉടമയായ മനാഫ് നാട്ടിലേക്ക് തിരിച്ചു. അർജുന്റെ സഹോദരി സഹോദരീ ഭർത്താവ് ജിതിൻ, സഹോദരൻ അഭിജിത്ത് എന്നിവർ ആംബുലൻസിൽ മൃതദേഹത്തെ അനുഗമിക്കും. ആംബുലൻസിന്റെ എല്ലാ ചെലവും കേരള സർക്കാരാകും വഹിക്കുക. കർണാടക പോലീസിന്റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലേക്ക് കൊണ്ടുപോവുക.
ഓഗസ്‌റ്റ് 16നാണ് മോശം കാലാവസ്‌ഥയെ തുടർന്ന് അർജുനായുള്ള തിരച്ചിൽ നിർത്തിവെച്ചത്. ജൂലൈ 16നാണ് അർജുനും തടി കയറ്റിവന്ന ലോറിയും മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ കേരളത്തിന്റെ ഇടപെടലിനെ തുടർന്നാണ് ദ്രുതഗതിയിലായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തിരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്‌തമായ മഴയും അടിയൊഴുക്കും മൂലം തിരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. 72ആം ദിവസമാണ് ലോറിയും അർജുന്റെ ശരീര ഭാഗങ്ങളും കണ്ടെത്തിയത്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും