കാർവാർ (കർണാടക): മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് സൈന്യം പരിശോധന തുടരും. ഇടവിട്ട് പെയ്യുന്ന ശക്‌തമായ മഴയും കുത്തൊഴുക്കും തിരച്ചിലിന് തടസമാകുന്നുണ്ട്.
ഗംഗാവലി പുഴയിൽ റഡാർ സിഗ്‌നൽ ലഭിച്ച അതേ ഇടത്തുനിന്ന് തന്നെ സോണാർ സിഗ്‌നൽ ലഭിച്ചത് നിർണായകമാണ്. നാവികസേന നടത്തിയ തിരച്ചിലിലാണ് സോണാർ സിഗ്‌നൽ ലഭിച്ചത്. വെള്ളത്തിനടിയിലുള്ള വസ്‌തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയ മനസിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്‌ദശാസ്‌ത്ര സംവിധാനമാണ് സോണാർ.
കണ്ടത്തിയ രണ്ടു സിഗ്‌നലുകളും വലിയ വസ്‌തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതിനാൽ ഇവിടം കേന്ദ്രീകരിച്ചാകും നാവികസേനയുടെ തിരച്ചിൽ. ഇന്നത്തെ തിരച്ചിലിനായി ഐബോഡ് സാങ്കേതിക സംവിധാനം ഉപയോഗിക്കും. ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്നുപോയ വസ്‌തുക്കളുടെ സിഗ്‌നലുകൾ കണ്ടെത്തുന്ന ഉപകരണമാണ് ഐബോഡ്.
ഈ മാസം 16ന് രാവിലെ 8.30ന് ആണ് ഷിരൂർ കുന്നിൽനിന്നു റോഡിലേക്കും പുഴയിലേക്കും മണ്ണിടിഞ്ഞത്. കുന്നിടിഞ്ഞുവീണ മണ്ണിനൊപ്പം അർജുനും ലോറിയും പുഴയിലേക്ക് വീണിരിക്കാമെന്ന സാധ്യതയിലാണു തിരച്ചിൽ. ഒമ്പത് ദിവസമായി നടത്തുന്ന തിരച്ചിലിൽ യാതൊരു സൂചനയും ലോറിയെ കുറിച്ചോ അർജുനെ കുറിച്ചോ ഒരു വിവരവും ലഭിച്ചിട്ടില്ല.
Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം