ഷിരൂർ: അർജുൻ രക്ഷാദൗത്യത്തിൽ പത്താം ദിനമായ നാളെ നിർണായകമെന്ന് സൈന്യം. അർജുനെ പുഴയിൽ നിന്നും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സൈന്യം. രാവിലെയോടെ കാലാവസ്‌ഥ അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ലോറി പുറത്ത് എടുക്കുന്നതിനല്ല, അർജുനെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും സൈന്യം അറിയിച്ചു.
ഡ്രൈവർമാരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോയെന്ന് കണ്ടെത്തുന്നതിന് ശ്രമം നടത്തും. പിന്നീടാകും ട്രക്ക് പുറത്തെടുക്കുക. മുങ്ങൽ വിദഗ്‌ധർ പുഴയിലിറങ്ങി പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ലോറി പുറത്തെടുക്കാനുള്ള വഴി കൊളുത്തിട്ട് ഉയർത്തലാണ്. അതിനും സ്‌കൂബാ ഡൈവേഴ്‌സ് താഴേക്ക് ഇറങ്ങി ട്രക്കിൻമേൽ കൊളുത്തിട്ട് ഉറപ്പിച്ച് തിരികെ കയറണം.
ശേഷം ഭാര ഉപകരണങ്ങൾ ഉപയോഗിച്ച് ട്രക്ക് ഉയർത്തണം. അതിനുള്ള സംവിധാനം എത്രയുംപെട്ടെന്ന് ഒരുക്കുമെന്നും നടപടി പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു. ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്‌താകും അന്തിമ പദ്ധതി തയ്യാറാക്കുക. മേഖലയിലേക്ക് ഡ്രോണുകൾ അടക്കം കൂടുതൽ സന്നാഹങ്ങൾ നാളെ രാവിലെയോടെ എത്തിക്കും. അർജുന്റെ ലോറി തലകീഴായി മറിഞ്ഞ നിലയിലാണ് പുഴയുടെ അടിത്തട്ടിൽ ഉള്ളതെന്നാണ് കന്നഡ എസ്‌പി നാരായണ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി ഗംഗാവലി പുഴയിൽ ഇന്ന് വൈകിട്ടോടെ കണ്ടെത്തിയിരുന്നു. നാവികസേനയുടെ സംഘം സ്‌ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെത്തുടർന്ന് പിൻവാങ്ങുകയായിരുന്നു. അതിശക്‌തമായ കാറ്റും മഴയും അവഗണിച്ച് സംഘം നദിയിലേക്ക് പോയെങ്കിലും തിരച്ചിൽ നടത്താൻ കഴിയാതെ മടങ്ങുകയായിരുന്നു.
കരയിൽ നിന്നും 40 മീറ്റർ അകലെയാണ് ട്രക്ക് കണ്ടെത്തിയത്. അതിനിടെ, എംകെ രാഘവൻ എംപി ഡെൽഹിയിൽ നിന്നും ഷിരൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എംഎൽഎമാരായ എകെഎം അഷറഫ്, ലിന്റോ ജോസഫ്, സച്ചിൻദേവ് എന്നിവരും ഷിരൂരിൽ ക്യാമ്പ് ചെയ്യും. നാളെ മാദ്ധ്യമപ്രവർത്തകർക്ക് തിരച്ചിൽ നടക്കുന്ന പ്രദേശത്തേക്ക് പ്രവേശനമില്ല. തിരച്ചിൽ പ്രദേശത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് അറിയിപ്പ്.
Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം