ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 13ആം ദിവസവും തുടരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ തിരച്ചിൽ പുനരാരംഭിച്ചു. അർജുന്റെ ലോറിയുണ്ടെന്ന് കരുതുന്ന ഗംഗാവലി നദിയിൽ ശക്‌തമായ അടിയൊഴുക്ക് തുടരുന്നത് ദൗത്യസംഘത്തിന് പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്.
പത്ത് കിലോമീറ്ററിലേറെ വേഗത്തിലാണ് നദിയിൽ ഒഴുക്ക് തുടരുന്നത്. മുങ്ങൽ വിദഗ്‌ധർക്ക് പോലും വെള്ളത്തിലെ ഒഴുക്കിൽ പിടിച്ചുനിൽക്കാനാവാത്ത സ്‌ഥിതിയാണ്. ഇന്നലെ പുഴയിലിറങ്ങിയ കുന്ദാപുരയിൽ നിന്നെത്തിയ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള പ്രാദേശിക മുങ്ങൽ വിദഗ്‌ധരുടെ സംഘത്തിന് മുന്നിലും ശക്‌തമായ ഒഴുക്ക് പ്രതിസന്ധി സൃഷ്‌ടിച്ചു.
ശക്‌തമായ ഒഴുക്കിനെ വെല്ലുവിളിച്ചു എട്ടുതവണ നദിയിലിറങ്ങി തിരച്ചിൽ നടത്തിയെങ്കിലും ലക്ഷ്യത്തിനെത്താനായില്ല. പഴയ നിഗമനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി കരയിൽ നിന്ന് 132 കിലോമീറ്റർ അകലെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പരിശോധന. ലോറി പതിയെ ഒഴുകി നീങ്ങുന്നതായും കരുതുന്നുണ്ട്. 300 മീറ്ററോളം വീതിയുള്ള പുഴയുടെ മധ്യഭാഗത്താണ് ലോറിയെന്നാണ് ഇപ്പോൾ കരുതുന്നത്.
ലോറിയിൽ മനുഷ്യ സാന്നിധ്യം സ്‌ഥിരീകരിക്കാൻ തെർമൽ സ്‌കാനിങ് പരിശോധനയിൽ കഴിഞ്ഞിട്ടില്ല. നിലവിൽ പരിശോധന നടക്കുന്ന സ്‌ഥലത്ത്, ലോറി പാറക്കഷ്‌ണങ്ങളുടെയും ചെളിയുടെയും ഇടയിലാണെന്നാണ് കരുതുന്നത്. ഇവിടെ ലോറി പകുതി തകർന്ന നിലയിലും ഡ്രൈവിംഗ് ക്യാബിൻ മുകളിലേക്ക് ഉയർന്ന നിലയിലുമാണെന്നാണ് നിഗമനം. ലോറിക്കരികിൽ എത്താനുള്ള നിലവിലെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാൽ പുഴയിലെ മണ്ണും ചെളിയും ട്രജർ ബാർജുകൾ ഉപയോഗിച്ച് നീക്കാനുള്ള ശ്രമമാണ് നടത്തുക.
Most Read| ദോഡ ഭീകരാക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്