ന്യൂഡെൽഹി: മദ്യനയ അഴിമതി കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ ജയിലിൽ നിന്ന് പുറത്തിറങ്ങി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഒട്ടേറെ ആംആദ്‌മി പാർട്ടി പ്രവർത്തകരാണ് കെജ്‌രിവാളിനെ സ്വീകരിക്കാൻ തിഹാർ ജയിലിന് പുറത്ത് കാത്തുനിന്നത്. വൻ സ്വീകരണം ഏറ്റുവാങ്ങിയാണ് കെജ്‌രിവാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
തന്റെ ധൈര്യമിപ്പോൾ നൂറുമടങ്ങ് വർധിച്ചുവെന്ന് ജയിൽ മോചിതനായ ശേഷം അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു. ജയിലിന് പുറത്ത് തന്നെ സ്വീകരിക്കാനെത്തിയ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
”ഈ കനത്ത മഴയിൽ നിങ്ങൾ ഇത്രയും പേർ ഇവിടെ വന്നു. അതിനെല്ലാവരോടും നന്ദി. എന്റെ ജീവിതം ഈ രാജ്യത്തിന് വേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ജീവിതത്തിൽ ഒട്ടേറെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ട്. എന്നാൽ, സത്യത്തിന്റെ പാതയിലൂടെയാണ് ഞാൻ നടന്നതെന്നതിനാൽ ദൈവം എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നു”- കെജ്‌രിവാൾ പറഞ്ഞു.
അഞ്ചര മാസത്തിന് ശേഷമാണ് കെജ്‌രിവാൾ ജയിൽ മോചിതനാകുന്നത്. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിബിഐ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത്. അനന്തകാലം ഒരാളെ ജയിലിലിടുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 26നാണ് സിബിഐ കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തത്. കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകാൻ ഓഗസ്‌റ്റ് 14ന് സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. സിബിഐയിൽ നിന്ന് വിശദീകരണവും കോടതി ചോദിച്ചിരുന്നു. മാർച്ച് 21ന് ആണ് മദ്യനയ അഴിമതി കേസിൽ ആദ്യ അറസ്‌റ്റ് ഉണ്ടായത്. അന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റാണ് കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തത്.
പിന്നീട് സുപ്രീം കോടതിയിൽ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് പത്തിന് സുപ്രീം കോടതി കെജ്‌രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യ കാലാവധി അവസാനിച്ച അദ്ദേഹം ജൂൺ രണ്ടിന് ജയിലിലേക്ക് മടങ്ങിയിരുന്നു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി