ന്യൂഡെൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. അറസ്റ്റിലായി ഇന്ന് മൂന്ന് മാസം തികയാനിരിക്കെയാണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ കെജ്രിവാളിന്റെ വാദങ്ങൾ ശരിവെക്കുന്നതാണ് വിചാരണ കോടതിയുടെ നിലപാട്. ഡെൽഹി റൗസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്.
കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്നലെ വാദം കേട്ടിരുന്നു. ജാമ്യത്തുകയായ ഒരുലക്ഷം രൂപ കെട്ടി വെക്കണമെന്ന് കോടതി ഉത്തരവിറക്കി. അതേസമയം, ജാമ്യം നൽകിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി. നിയമപരമായ വഴികൾ കൂടി പരിശോധിക്കാൻ സമയം നൽകണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.
കേസിൽ നേരത്തെ അറസ്റ്റിലായ പ്രതിയാണ് ഗോവയിൽ കെജ്രിവാളിന്റെ ഹോട്ടൽ ബില്ല് അടച്ചതെന്നും, ഇയാൾ വ്യവസായികളിൽ നിന്നും വൻ തുക കൈപ്പറ്റിയെന്നും ഇഡി കോടതിയിൽ പറഞ്ഞു. മലയാളിയായ പ്രതി വിജയ് നായരാണ് കെജ്രിവാളിന്റെ നിർദ്ദേശപ്രകാരം അഴിമതി പണം കൈകാര്യം ചെയ്തത്. ആംആദ്മി പാർട്ടിയാണ് തെറ്റ് ചെയ്തതെങ്കിൽ ആ പാർട്ടിയുടെ തലവനും കുറ്റക്കാരനാണെന്നും ഇഡി കോടതിയിൽ വാദിച്ചു.
എന്നാൽ, ഇഡി ഊഹാപോഹങ്ങൾ ആരോപണങ്ങളായി ഉന്നയിക്കുകയാണെന്ന് കെജ്രിവാളിന്റെ അഭിഭാഷകൻ വാദിച്ചു. വിജയ് നായർക്ക് നിർദ്ദേശങ്ങൾ നൽകിയതിന് തെളിവില്ല. ജാമ്യം നിബന്ധനകൾക്ക് വിധേയമായ തടവ് തന്നെയാണെന്നും, മുഖ്യമന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ജാമ്യം നൽകണമെന്നും കെജ്രിവാളിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
അതേസമയം, നടപടിക്രമങ്ങൾ പൂർത്തിയാക്കി കെജ്രിവാൾ വെള്ളിയാഴ്ച ജയിൽ മോചിതനാകുമെന്ന് എഎപി വൃത്തങ്ങൾ അറിയിച്ചു. നേരത്തെ, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുറച്ച് ദിവസം കെജ്രിവാൾ ജാമ്യത്തിലിറങ്ങിയിരുന്നു. അന്ന് സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യം ലഭിച്ച കെജ്രിവാൾ ജൂൺ രണ്ടിനാണ് തിരികെ തിഹാർ ജയിലിലേക്ക് മടങ്ങിയത്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ