ന്യൂഡെൽഹി: മുതിർന്ന പൗരൻമാർക്ക് അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് സൗജന്യ തീർഥാടനം ഏർപ്പെടുത്തുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡെൽഹിയിലെ ബജറ്റ് സെക്ഷനിൽ മറുപടി പ്രസംഗത്തിലാണ് കെജ്‌രിവാളിന്റെ പ്രസ്‌താവന.
‘രാമരാജ്യം’ എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സർക്കാർ 10 തത്വങ്ങൾ പിന്തുടരുമെന്നും കെജ്‌രിവാൾ പറഞ്ഞു. ഭക്ഷണം, വിദ്യാഭ്യാസം, വൈദ്യസഹായം, വൈദ്യുതി, വെള്ളം, തൊഴിൽ, പാർപ്പിടം, സ്‍ത്രീകൾക്ക് സുരക്ഷ, പ്രായമായവരെ ബഹുമാനിക്കുക തുടങ്ങിയവ ഉൾപ്പെടെയാണ് 10 തത്വങ്ങൾ.
സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവിതത്തെക്കുറിച്ചുള്ള 500 ഇൻസ്‌റ്റലേഷനുകളും 69,000 കോടി രൂപയുടെ ബജറ്റിന്റെ ഭാഗമായി നഗരത്തിലുടനീളം ആസൂത്രണം ചെയ്‌തിട്ടുണ്ട്. മാത്രമല്ല ഡെൽഹിയിൽ ഇനിമുതൽ ‘പാട്രിയോട്ടിക് കരിക്കുലം’ ആകും നടപ്പാക്കുക എന്നാണ് കെജ്‌രിവാൾ സർക്കാർ പറയുന്നത്.
സംസ്ഥാനത്തെ മുതിർന്ന പൗരൻമാർക്ക് സൗജന്യ തീർഥാടനം നടത്താൻ സഹായിക്കുന്ന ‘മുഖ്യമന്ത്രി തീർഥ യാത്രാ പദ്ധതി’ നിലവിൽ നടപ്പാക്കുന്നുണ്ട്. തീർഥാടകരുടെ യാത്ര, ഭക്ഷണം, താമസം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഇതിലൂടെ ഡെൽഹി സർക്കാരാണ് വഹിക്കുന്നത്.
Read also: കർഷകസമരം വകവെക്കാതെ കേന്ദ്രം; പ്രതിഷേധം ശക്‌തമാക്കി സംഘടനകൾ