ഡെൽഹി: യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുന്നെന്ന ആരോപണത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി ഡെൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടുത്ത വിമർശനത്തിന് പിന്നാലെയാണ് 14 പേജുള്ള വിശദീകരണക്കത്ത് കെജ്‌രിവാൾ കൈമാറിയത്.
ജലശുദ്ധീകരണ പ്ളാന്റുകൾക്ക് പൂർണശേഷിയിൽ പ്രവർത്തിക്കാൻ കഴിയാത്ത തരത്തിൽ യമുനയിലെ അമോണിയ അളവ് ഉയർന്നെന്ന് ഡെൽഹി ജല ബോർഡിനെ ഉദ്ധരിച്ച് കെജ്‌രിവാൾ പറഞ്ഞു. ”ഹരിയാനയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമാണ് ഡെൽഹിക്ക് കുടിവെള്ളം കിട്ടുന്നത്. അടുത്തിടെ ലഭിക്കുന്ന വെള്ളം വളരെ മലിനവും ആരോഗ്യത്തിന് ദോഷമുള്ളതുമാണ്. അരാജകത്വം സൃഷ്‌ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഹരിയാനയിലെ ബിജെപി സർക്കാർ വെള്ളത്തിൽ വിഷം കലർത്തുകയാണ്. ഡെൽഹി ജല ബോർഡിന്റെ ജാഗ്രത കൊണ്ടാണ് തടയനായത്”- കെജ്‌രിവാൾ പറഞ്ഞു.
ഡെൽഹിയിലെ ജനങ്ങൾക്ക് നല്ല വെള്ളം ലഭ്യമാക്കാൻ ഹരിയാനയോട് നിർദ്ദേശിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് കെജ്‌രിവാൾ അഭ്യർഥിച്ചു. അതിനിടെ, കെജ്‌രിവാളിനെതിരെ ബിജെപിയും കോൺഗ്രസും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആരോപണത്തിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി കുടിക്കുന്ന വെള്ളത്തിൽ ഹരിയാനയിലെ ബിജെപി സർക്കാർ വിഷം കലർത്തുമോ എന്നാണ് മോദി ചോദിച്ചത്.
ആരോപണത്തിൽ ഹരിയാന ഹൈക്കോടതി കെജ്‌രിവാളിന് സമൻസ് അയച്ചിരുന്നു. ഫെബ്രുവരി 17ന് മുൻപ് കോടതിയിൽ ഹാജരാകണമെന്നും അല്ലാത്തപക്ഷം നിയമപ്രകാരമുള്ള നടപടികൾ നേരിടുമെന്നും അറിയിച്ചുകൊണ്ടാണ് സമൻസ്. ആരോപണം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്നും കോടതി കെജ്‌രിവാളിന് നിർദ്ദേശം നൽകി. ഡെൽഹിയുടെ കുടിവെള്ള വിതരണം തകർക്കാൻ ഹരിയാനയിലെ ബിജെപി സർക്കാർ യമുന നദിയിൽ വിഷം കലർത്തുന്നെന്നായിരുന്നു കെജ്‌രിവാളിന്റെ ആരോപണം.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ