തിരുവനന്തപുരം: സമരം ശക്‌തമാക്കാനുറപ്പിച്ച് ആശാ വർക്കർമാർ. ഇന്ന് രാവിലെ 11 മണിമുതൽ ആശമാർ അനിശ്‌ചിതകാല നിരാഹാര സമരം തുടങ്ങും. ആശാവർക്കർമാരായ എംഎ ബിന്ദു, കെപി തങ്കമണി, ആർ ഷീജ എന്നിവരാണ് ആദ്യം സമരമിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള ചർച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് സമരം കടുപ്പിക്കാൻ ആശമാർ തീരുമാനിച്ചത്.
അതിനിടെ, ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി ചർച്ച നടത്തും. ഇതിനായി വീണാ ജോർജ് ഡെൽഹിയിലേക്ക് യാത്ര തിരിച്ചു. ആശാ പ്രവർത്തകരുടെ സ്‌കീം കേന്ദ്ര സർക്കാരിന്റെ കീഴിലാണെന്നും നിർണായക തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും വീണാ ജോർജ് പറഞ്ഞു.
സംസ്‌ഥാനത്തിന് പറയാനുള്ളത് കൃത്യമായി അറിയിക്കുമെന്നും ഓണറേറിയം കൂട്ടുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഡെൽഹിയിലേക്ക് പോകവേ വീണാ ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സമരത്തിന്റെ 38ആം ദിവസമായ ഇന്നലെ രാവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു സംസാരിച്ചിരുന്നു.
ഇതോടെ, ദേശീയ ഹെൽത്ത് മിഷന്റെ (എൻഎച്ച്എം) ഡയറക്‌ടർ ഡോ. വിനയ് ഗോയൽ സമരസമിതി നേതാക്കളുമായി ആദ്യഘട്ട ചർച്ച നടത്തി. ഓണറേറിയം 21,000 രൂപയാക്കണമെന്നും വിരമിക്കൽ അനുകൂല്യമായി അഞ്ചുലക്ഷം രൂപ അനുവദിക്കണമെന്നും ആശമാരുടെ പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം ആശമാർ ഉൾക്കൊള്ളണമെന്നാണ് ഡോ. വിനയ് ഗോയൽ മറുപടി നൽകിയത്. ഒരുമണിക്കൂറിലേറെ നീണ്ട ചർച്ച ധാരണപോലുമാകാതെ പിരിയുകയായിരുന്നു.
പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജുമായി ആശമാർ ചർച്ച നടത്തി. എന്നാൽ, ഓണറേറിയം വർധനവിനെ കുറിച്ച് മന്ത്രി ഒന്നും പറഞ്ഞില്ല. സർക്കാരിന്റെ സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടുമ്പോൾ ആവശ്യങ്ങൾ പരിഗണിക്കാമെന്നും ഇപ്പോൾ സമരം അവസാനിപ്പിച്ച് തിരിച്ചുപോകണമെന്നുമാണ് മന്ത്രിയും പറഞ്ഞത്. ഇതോടെ ചർച്ച ധാരണയാവാതെ പിരിയുകയായിരുന്നു. പിന്നാലെയാണ് ആശമാർ സമരം കടുപ്പിച്ചത്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ