തിരുവനന്തപുരം: തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുമായി ചർച്ച നടത്തി ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ. ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം സമരസമിതി മന്ത്രിക്ക് കൈമാറി. ഓണറേറിയം വർധിപ്പിക്കുന്നത് സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ചർച്ചയുടെ മിനിറ്റ്സിൽ പറയുന്നുണ്ടെന്നും അത് പ്രകാരം സമരം അവസാനിപ്പിച്ചുകൂടേയെന്ന് മന്ത്രി ചോദിച്ചതായും സമരസമിതി നേതാവ് വികെ സദാനന്ദൻ പറഞ്ഞു.
അതേസമയം, കമ്മിറ്റിയെ നിയോഗിക്കുമെന്ന നിർദ്ദേശം അംഗീകരിക്കാൻ കഴിയില്ലെന്നും ഓണറേറിയം വർധനവും വിരമിക്കൽ ആനുകൂല്യവും സർക്കാർ പ്രഖ്യാപിക്കാതെ സമരം അവസാനിപ്പിക്കാൻ കഴിയില്ലെന്നും നേതാക്കൾ മന്ത്രിയെ അറിയിച്ചു. തൽക്കാലം 3000 രൂപയുടെ വർധന പ്രഖ്യാപിച്ചതിന് ശേഷം ബാക്കി കാര്യങ്ങൾ കമ്മിറ്റിക്ക് വിടുന്നതിൽ എതിർപ്പില്ലെന്നും സമരസമിതി മന്ത്രിയെ അറിയിച്ചു.
ഇതോടെ, ആരോഗ്യമന്ത്രിയുമായി ധനമന്ത്രിയുമായും വിഷയം ചർച്ച ചെയ്യാമെന്ന് മന്ത്രി ശിവൻകുട്ടി സമരനേതാക്കളെ അറിയിച്ചു. അതിനിടെ, ആശാ വർക്കർമാരുടെ രാപ്പകൽ സമരം ഇന്ന് 57ആം ദിവസത്തിലേക്ക് കടന്നിരുന്നു. നിരാഹാര സമരം 19ആം ദിവസത്തിലാണ്. സമരം രണ്ടുമാസം പൂർത്തിയാകുന്ന ഈ മാസം 12ന് സെക്രട്ടറിയേറ്റിന് മുന്നിൽ ഐക്യദാർഢ്യ സംഗമം നടക്കും.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ