ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാൻ സമാധാനത്തിന്റെ രാഷ്‌ട്രമാണെന്നും, രാജ്യത്തിന്റെ പരമാധികാരത്തെ പരീക്ഷിക്കാൻ ആരെയും അനുവദിക്കില്ലെന്നും പാക്ക് സിഡിഎഫ് അസിം മുനീർ. ഇന്ത്യ ആരുടെയും വ്യാമോഹത്തിൽ അകപ്പെടരുത്. ഭാവിയിൽ എന്തെങ്കിലും ആക്രമണം ഉണ്ടായാൽ അതികഠിനമായിരിക്കും പ്രതികരണമെന്നും അസിം മുനീർ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി.
രാജ്യത്തിന്റെ ആദ്യത്തെ സിഡിഎഫായി നിയമിതനായതിന് പിന്നാലെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ സായുധ സേനാ ഉദ്യോഗസ്‌ഥരോട് സംസാരിക്കുകയായിരുന്നു അസിം മുനീർ. പാക്കിസ്‌ഥാൻ- അഫ്‌ഗാനിസ്‌ഥാൻ സംഘർഷങ്ങളെ കുറിച്ച് സംസാരിച്ച മുനീർ, അഫ്‌ഗാനിലെ താലിബാൻ ഭരണകൂടത്തിന് വ്യക്‌തമായ സന്ദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു.
വർധിച്ചുവരുന്ന ഭീഷണികളുടെ പശ്‌ചാത്തലത്തിൽ മൂന്ന് സേനകളും ഏകീകൃത സംവിധാനത്തിന് കീഴിൽ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അസിം മുനീർ പറഞ്ഞു. സംയുക്‌ത സൈനിക മേധാവി സ്‌ഥാനത്തിന് പുറമെ രാജ്യത്തിന്റെ ആണവായുധങ്ങളും മിസൈൽ സംവിധാനങ്ങളും കൈകാര്യം ചെയ്യുന്ന നാഷണൽ സ്‌ട്രാറ്റജിക് കമാണ്ടിന്റെ മേൽനോട്ടവും അസിം മുനീറിനാണ്. കഴിഞ്ഞമാസമാണ് അസിം മുനീർ നിയമിതനായത്.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്‌ട്രേലിയയിൽ






































