
ന്യൂഡെൽഹി: പുതിയ ചരിത്രത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യൻ നാവികസേനയിലെ സബ് ലഫ്റ്റനന്റ്. ആസ്‌ത പൂനിയ. ഇന്ത്യൻ നാവികസേനയിൽ യുദ്ധവിമാനങ്ങൾ പറത്തുന്ന ആദ്യ വനിതാ ഫൈറ്റർ പൈലറ്റെന്ന ബഹുമതിയാണ് ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിനിയായ ആസ്‌ത പൂനിയയെ തേടിയെത്തിയത്.
വിശാഖപട്ടണത്തെ ഐഎൻഎസ് ദേഗയിൽ നിന്ന് അഡ്വാൻസ്‌ഡ് ജെറ്റ് ട്രെയിനിങ് പൂർത്തിയാക്കിയ ആസ്‌ത പൂനിയ, മേലുദ്യോഗസ്‌ഥനിൽ നിന്ന് ‘വിങ്‌സ് ഓഫ് ഗോൾഡ്’ പുരസ്‌കാരം ഏറ്റുവാങ്ങി. കൂടുതൽ പെൺകുട്ടികൾക്ക് വിലക്കുകളെ മറികടന്ന് പുതിയ വഴി വെട്ടാനുള്ള തുടക്കമാകട്ടെ ഇതെന്ന് വാർത്ത പങ്കുവെച്ചുകൊണ്ട് നാവികസേന പ്രതികരിച്ചു.
ഇന്ത്യയുടെ വിമാനവാഹിനി കപ്പലുകളിലെ മിഗ് 29, റഫാൽ വിമാനത്തിന്റെ നാവിക പതിപ്പ് ഇവയിലേതെങ്കിലും പറത്താൻ ആസ്‌തയെ നിയോഗിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. രണ്ട് വിമാനവാഹിനി കപ്പലുകളാണ് ഇന്ത്യക്കുള്ളത്. ഐഎൻഎസ് വിക്രാന്തും വിക്രമാദിത്യയും. മിഗ് 29ന്റെ നാവിക പതിപ്പാണ് മിഗ് 29 കെ. വർഷങ്ങളായി നാവികസേന ഈ വിമാനം ഉപയോഗിക്കുന്നുണ്ട്.
ബിടെക് പഠനത്തിന് ശേഷം ഏഴിമലയിലെ നാവികസേനാ അക്കാദമിയിൽ ആസ്‌ത പ്രവേശനം നേടി. തുടർന്ന് വിശാഖപട്ടണത്തെ ഐഎൻഎസ് ദേഗയിലാണ് യുദ്ധവിമാനങ്ങൾ പറത്തുന്നതിനുള്ള പരിശീലനം പൂർത്തിയാക്കിയത്. 2016 മുതൽ ഇന്ത്യൻ വ്യോമസേനയിൽ വനിതകൾ യുദ്ധവിമാനങ്ങൾ പറത്തുന്നുണ്ട്. നിലവിൽ 25 വനിതാ പൈലറ്റുമാരാണ് വ്യോമസേനയിലുള്ളത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!