തൃശൂർ: ആതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം ധനസഹായം നൽകുമെന്ന് കലക്‌ടർ അർജുൻ പാണ്ഡ്യൻ. കഴിഞ്ഞ ദിവസം മരിച്ച വാഴച്ചാൽ ശാസ്‌താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരുടെ കുടുംബത്തിനും, ഈ സംഭവത്തിന് തൊട്ടുമുൻപ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സെബാസ്‌റ്റ്യന്റെ കുടുംബത്തിനുമാണ് തുക കൈമാറുക.
മരിച്ചവരുടെ വീടുകൾ കലക്‌ടർ സന്ദർശിച്ചു. ഇവരുടെ ബന്ധുക്കൾക്ക് അടിയന്തിര ധനസഹായമായി നിലവിൽ അഞ്ചുലക്ഷം രൂപ കൈമാറിയിട്ടുണ്ട്. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഫോറസ്‌റ്റ് വകുപ്പിൽ താൽക്കാലിക ജോലി നൽകുന്നതിന് സർക്കാരിന് ശുപാർശ നൽകുമെന്നും കലക്‌ടർ അറിയിച്ചു. നാട്ടുകാരുടെ പരാതികൾ പരിശോധിക്കാൻ വനംവകുപ്പുമായി ചേർന്ന് യോഗം വിളിച്ചു ചേർക്കുമെന്നും കലക്‌ടർ അറിയിച്ചു.
സ്‌ഥലത്ത് ട്രെഞ്ച്, ഫെൻസിങ് എന്നിവയുടെ നിർമാണം വേഗത്തിൽ നടപ്പിലാക്കാൻ വനംവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സർക്കാരിന്റെ പരിഗണനയിൽ വരേണ്ട വിഷയങ്ങൾ കാലതാമസം കൂടാതെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കലക്‌ടർ അറിയിച്ചു.
വഞ്ചിക്കടവിൽ കുടിൽക്കെട്ടി താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയവരായിരുന്നു ഇന്നലെ കാട്ടാനയുടെ അക്രമണത്തിൽപ്പെട്ടത്. ആതിരപ്പിള്ളി പിക്‌നിക് സ്‌പോട്ടിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. കാട്ടാനക്കൂട്ടം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നെന്നും ചിതറിയോടിയ ഇവരെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്‌ത്തുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അംബികയുടെ മൃതദേഹം പുഴയിൽ നിന്നും സതീഷിന്റേത് പാറപ്പുറത്ത് നിന്നുമാണ് കണ്ടെത്തിയത്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!