കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) ഭർത്താവ് സതീഷ് അറസ്‌റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. സതീഷിനെ വലിയതുറ പോലീസിന് കൈമാറി. മരണത്തിന് പിന്നിൽ സതീഷാണെന്ന് അതുല്യയുടെ കുടുംബം ആരോപിച്ചിരുന്നു. വിദേശത്തായിരുന്ന സതീഷിനായി കേരള പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സതീഷ് നിരന്തരം പീഡിപ്പിച്ചതിനെ തുടർന്നാണ് അതുല്യ ആത്‍മഹത്യ ചെയ്‌തതെന്നാണ് കുടുംബത്തിന്റെ പരാതി. അതുല്യയ്‌ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് പിതാവ് രാജശേഖരൻപിള്ള മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. മകളുടെ മരണത്തിൽ നീതി ലഭിക്കാനായി നിയമപോരാട്ടം തുടരുമെന്നും കേരള പോലീസ് മകളുടെ മരണത്തിലെ നിജസ്‌ഥിതി കണ്ടെത്തുമെന്നാണ് വിശ്വാസമെന്നും പിതാവ് പറഞ്ഞിരുന്നു.
അതേസമയം, അതുല്യയുടെ മരണം ആത്‍മഹത്യ ആണെന്ന് ഷാർജ പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഫൊറൻസിക് പരിശോധനാ ഫലം അതുല്യയുടെ കുടുംബത്തിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ മാസം 19ന് പുലർച്ചെയാണ് തേവലക്കര തെക്കുംഭാഗം സ്വദേശി അതുല്യ ഭവനിൽ എസ് രാജശേഖരൻ പിള്ളയുടെയും തുളസിഭായിയുടെ മകളായ അതുല്യ ശേഖറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷാർജ റോളപാർക്കിന് സമീപത്തെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. മരണവുമായി ബന്ധപ്പെട്ട് ശാസ്‌താംകോട്ട സ്വദേശിയായ സതീഷ് കുമാറിനെതിരെ ചവറ പോലീസ് കേസെടുത്തിരുന്നു. ഷാർജയിലും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ദുബായിൽ നിർമാണ കമ്പനിയിൽ എൻജിനിയറായ സതീഷിനെ ഷാർജ പോലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു. പിന്നാലെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്‌തിരുന്നു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!