കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) മരണത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. സതീഷിന് സംശയരോഗം ഉണ്ടായിരുന്നെന്നും ആരുമായും സംസാരിക്കാൻ അതുല്യയെ അനുവദിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
സ്‌ത്രീകളെ അടിമയായാണ് കണ്ടിരുന്നത്. ആണുമായും പെണ്ണുമായും സംസാരിക്കാൻ അനുവദിച്ചിരുന്നില്ല. അതുല്യ ഒരിക്കലും ആത്‍മഹത്യ ചെയ്യില്ല. ജോലി ചെയ്‌ത് ജീവിക്കണം എന്ന് എപ്പോഴും പറയുമായിരുന്നു. മകളെ വളർത്താനാണ് ഭർത്താവിന്റെ അടി മുഴുവൻ കൊണ്ടത്. സതീഷ് ഓഫീസിൽ പോകുമ്പോൾ ഷൂ വരെ ധരിപ്പിച്ച് കൊടുക്കുമായിരുന്നു. അതുല്യ സന്തോഷം പുറത്ത് കാണിച്ച് ജീവിക്കുകയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
അതേസമയം, സതീഷ് നാട്ടിലും പ്രശ്‌നക്കാരൻ ആയിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. അതുല്യ പിണങ്ങി വീട്ടിലെത്തിയ സമയത്ത് പുലർച്ചെ മൂന്നുമണിക്ക് ഒരുസംഘം ചെറുപ്പക്കാരുമായി സതീഷ് മതിൽ ചാടി കടന്നതായി അയൽവാസി പറഞ്ഞു. വീട്ടുകാരെയും അതുല്യയെയും ഉപദ്രവിക്കാനായിരുന്നു വരവ്. അന്ന് അത് തടസപ്പെടുത്തിയതായും അയൽവാസി പറഞ്ഞു.
മദ്യപിച്ച് ഓഫീസിൽ എത്തിയതിന് സതീഷിന് താക്കീത് ലഭിച്ചതായി ഒപ്പം ജോലി ചെയ്യുന്നയാളും പോലീസിന് മൊഴി നൽകി. അതേസമയം, അതുല്യയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ കഴിഞ്ഞദിവസം ചുമതലപ്പെടുത്തിയിരുന്നു. ഇൻസ്‌പെക്‌ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
ശാസ്‌താംകോട്ട സ്വദേശിയായ ഭർത്താവ് സതീഷ് കുമാറിനെതിരെ ചവറ പോലീസ് കേസെടുത്തിരുന്നു. സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. കൊലപാതക കുറ്റത്തിന് പുറമെ സ്‌ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും മാരകമായി പരിക്കേൽപ്പിക്കൽ തുടങ്ങി ആറിലധികം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അതിനിടെ, അതുല്യയുടെ പോസ്‌റ്റുമോർട്ടം ഇന്ന് ഷാർജയിൽ നടക്കും. തുടർന്ന് നാട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ആവശ്യപ്പെട്ടാൽ വീണ്ടും പോസ്‌റ്റുമോർട്ടം നടത്തുന്നത് ആലോചിക്കുമെന്ന് പോലീസ് വ്യക്‌തമാക്കി. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ചു ബന്ധുക്കൾ ഇന്ന് ഷാർജ പോലീസിലും പരാതി നൽകുന്നുണ്ട്.
2014ൽ ആയിരുന്നു ഇവരുടെ വിവാഹം. 43 പവൻ സ്വർണവും ബൈക്കും സ്‌ത്രീധനം വാങ്ങിയാണ് മകളെ വിവാഹം കഴിച്ചതെന്നും ശാരീരികമായും മാനസികമായും മകളെ പീഡിപ്പിച്ചിരുന്നെന്നും 19ന് പുലർച്ചെ മകളെ ഫ്ളാറ്റിൽ വെച്ച് കൊലപ്പെടുത്തിയെന്നുമാണ് അതുല്യയുടെ അമ്മ പോലീസിന് നൽകിയ മൊഴി. ഇത് പ്രകാരമാണ് കൊലപാതകത്തിന് സതീഷിനെതിരെ പോലീസ് കേസെടുത്തത്.
ശനിയാഴ്‌ച രാവിലെയായിരുന്നു തേവലക്കര തെക്കുംഭാഗം സ്വദേശി അതുല്യ ഭവനിൽ എസ് രാജശേഖരൻ പിള്ളയുടെയും തുളസിഭായിയുടെ മകളായ അതുല്യ ശേഖറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ റോളപാർക്കിന് സമീപത്തെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. അതുല്യ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. ദുബായിൽ കോൺട്രാക്‌ടിങ് സ്‌ഥാപനത്തിൽ എൻജിനിയറായി ജോലി ചെയ്യുകയാണ് ഭർത്താവ് സതീഷ്.
Most Read| ചരിത്രം കുറിച്ച് ആസ്‌ത പൂനിയ; നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്