ന്യൂഡെൽഹി: ഡെൽഹിയിൽ ആംആദ്‌മി (എഎപി) നേതാവും മുൻ മുഖ്യമന്ത്രിയുമായ അതിഷി പ്രതിപക്ഷ നേതാവാകും. ഈ സ്‌ഥാനത്തേക്ക് വനിതയെ തിരഞ്ഞെടുക്കുന്നത് ആദ്യമാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതയാകുന്നത് ഡെൽഹിയുടെ ചരിത്രത്തിലാദ്യവും.
ഇന്ന് ചേർന്ന എഎപി നിയമസഭാകക്ഷി യോഗത്തിൽ സഞ്‌ജീവ് ഝായാണ് അതിഷിയെ പ്രതിപക്ഷ നേതാവായി നിർദ്ദേശിച്ചത്. ബാക്കിയുള്ളവർ പിന്തുണയ്‌ക്കുകയായിരുന്നു. ”എന്നിൽ വിശ്വാസമർപ്പിച്ചതിന് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനും പാർട്ടിക്കും നന്ദി. ജനങളുടെ ശബ്‌ദം ശക്‌തമായ പ്രതിപക്ഷമാകും”- അതിഷി പറഞ്ഞു.
ഡെൽഹി നിയമസഭയുടെ ആദ്യ സമ്മേളനം നാളെ ആരംഭിക്കും. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ, മുൻ എഎപി സർക്കാരിന്റെ പ്രകടനത്തെ കുറിച്ചുള്ള സിഎജി റിപ്പോർട്ടുകൾ സഭയിൽ വെയ്‌ക്കുമെന്ന് ബിജെപി അറിയിച്ചു. ഫെബ്രുവരി അഞ്ചിന് നടന്ന തിരഞ്ഞെടുപ്പിൽ 70 നിയമസഭാ സീറ്റുകളിൽ 48 എണ്ണം നേടിയാണ് ബിജെപി അധികാരത്തിൽ തിരിച്ചെത്തിയത്. ഭരണത്തിൽ ഉണ്ടായിരുന്ന എഎപി 22 സീറ്റുകളിൽ ഒതുങ്ങി.
27 വർഷത്തിന് ശേഷം ഡെൽഹിയിൽ ഭരണം കിട്ടിയ ബിജെപി രേഖ ഗുപ്‍തയെയാണ് മുഖ്യമന്ത്രിയാക്കിയത്. കൽക്കാജി മണ്ഡലത്തിൽ ബിജെപിയുടെ രമേശ് ബിദൂരിയെ തോൽപ്പിച്ചാണ് അതിഷി സീറ്റ് നിലനിർത്തിയത്. കെജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവരുൾപ്പടെ മുതിർന്ന എഎപി നേതാക്കൾ പരാജയപ്പെട്ടതോടെയാണ് അതിഷിക്ക് നറുക്കുവീണത്.
Most Read| 18 കഴിഞ്ഞവർക്ക് ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാം; വ്യക്‌തി നിയമ ഭേദഗതിയുമായി യുഎഇ