തിരുവനന്തപുരം: കല്ലറ പാങ്ങോട് യുവാവിന് വെടിയേറ്റു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പാങ്ങോട് സ്വദേശി ഇലക്ട്രീഷ്യനായ റഹീം എന്ന യുവാവിനാണ് വെടിയേറ്റത്. ഇയാളുടെ തലക്കാണ് വെടിയേറ്റത്. പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന റഹീമിന് ഇന്ന് തലക്ക് ശസ്ത്രക്രിയ നടത്തും.
സംഭവത്തിലെ പ്രതിയെ ഇന്ന് പുലർച്ചയോടെ പോലീസ് പിടികൂടിയെന്നാണ് വിവരം. പാങ്ങോട് വർക്ക്ഷോപ്പ് നടത്തുന്ന വിനീത് എന്നയാളാണ് റഹീമിനെ വെടിവെച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കടയ്ക്കൽ തിരുവാതിര കഴിഞ്ഞ് മടുങ്ങുന്നതിനിടെയാണ് യുവാവിന് നേരെ ആക്രമണം ഉണ്ടായത്.
റഹീമിന്റെ ബൈക്ക് വിനീതിന്റെ വർക്ക്ഷോപ്പിൽ റിപ്പയറിങ്ങിന് നൽകിയിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. പ്രതിക്കൊപ്പം ഉണ്ടായിരുന്നവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. കടയ്ക്കൽ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Most Read: കോവിഡ് നാലാം തരംഗം; നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്







































