പാലക്കാട്: ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ നിരോധനം ഏർപ്പെടുത്തിയിട്ടും നിരവധി ആളുകൾ എത്തുന്നതായി ആക്ഷേപം. മഴ ശക്‌തമായതോടെയാണ് സുരക്ഷ മുൻനിർത്തി ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ, അട്ടപ്പാടിയിലേക്ക് ഒട്ടേറെ പേർ എത്തുന്നതായാണ് വിവരം. മേഖലയിൽ നിയോഗിച്ചിട്ടുള്ള പോലീസ്, വനംവകുപ്പ് പരിശോധനകൾ കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
ഈ മാസം പന്ത്രണ്ടാം തീയതി അട്ടപ്പാടിച്ചുരത്തിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. തുടർന്ന് പത്ത് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ചുരത്തിൽ ഗതാഗതം പുനഃസ്‌ഥാപിച്ചിരുന്നത്. നെല്ലിയാമ്പതി ചുരത്തിലും മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇതോടെ അപകട സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലേക്കുള്ള ടൂറിസവും ഡാമുകളിലേക്കുള്ള പ്രവേശനവും നിരോധിച്ചതായി ജില്ലാ കളക്‌ടർ അറിയിച്ചിരുന്നു. എന്നാൽ, അറിയിപ്പുകൾ വകവെയ്‌ക്കാതെ പലരും ചുരം കയറുന്നതായാണ് വിവരം.
നിലവിൽ മുക്കാലി ചെക്ക്‌പോസ്‌റ്റിൽ സഞ്ചാരികളെ തടയുന്നുണ്ട്. എന്നാൽ, ചുരം ആരംഭിക്കുന്ന ആനമൂളി ചെക്ക്‌പോസ്‌റ്റിൽ പരിശോധനകൾ വേണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. മഴ പെയ്‌തതോടെ അട്ടപ്പാടി ചുരം നയന മനോഹാരിതമാണ്. ചെറു വെള്ളച്ചാട്ടങ്ങളും കോടമഞ്ഞിന്റെ കുളിരുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിപ്പിക്കുന്നത്.
Most Read: മഴ തുടരും; സംസ്‌ഥാനത്ത് വരും മണിക്കൂറുകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത






































