തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ രണ്ടു പോലീസുകാരടക്കം മൂന്ന് പേർ അറസ്‌റ്റിൽ. പോലീസ് ഉദ്യോഗസ്‌ഥരായ വിനീത്, കിരൺ സുഹൃത്തായ അരുൺ എന്നിവരാണ് അറസ്‌റ്റിലായത്. വിനീതിനെയും അരുണിനെയും രാവിലെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരുടെ ചോദ്യം ചെയ്യലിലാണ് കിരണിനെ കുറിച്ചു വിവരം ലഭിച്ചത്.
പൊൻമുടി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥനാണ് കിരൺ. വിനീത് നിലവിൽ സസ്‌പെൻഷനിലാണ്. വ്യാപാര സ്‌ഥാപനം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ കേസിലാണ് വിനീതിനെ സസ്‌പെൻഡ് ചെയ്‌തത്. കിരണും വിനീതും ചേർന്ന് ടൈൽസ് കട നടത്തിയിരുന്നു. അതിലെ സാമ്പത്തിക നഷ്‌ടം നികത്താനാണ് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച ആയിരുന്നു സംഭവം.
പോലീസ് വേഷത്തിൽ എത്തിയായിരുന്നു തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം. കാട്ടാക്കട മാർക്കറ്റ് ജങ്ഷനിൽ ഇലക്‌ട്രോണിക്‌സ് കട നടത്തുന്ന മുജീബിനെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമിച്ചത്. കട പൂട്ടി വീട്ടിലേക്ക് പോയ മുജീബിനെ കാറിൽ പിന്തുടർന്ന സംഘം രാത്രി പത്തോടെ പൂവച്ചൽ ജങ്ഷന് സമീപം കാർ തടയുകയായിരുന്നു. ഇഡി ഉദ്യോഗസ്‌ഥർ ആണെന്നാണ് സംഘം മുജീബിനോട് പറഞ്ഞത്.
ഇവരുടെ കൈയിൽ തോക്കുണ്ടായിരുന്നു. വിലങ്ങിട്ട ശേഷം മുജീബിനെ സംഘം ഭീഷണിപ്പെടുത്തി. എന്നാൽ, മുജീബ് ബഹളം ഉണ്ടാക്കിയതോടെ സംഘം കടന്നുകളഞ്ഞു. കാറിനുള്ളിലെ സ്‌റ്റിയറിങ്ങിലും ഡ്രൈവർ സീറ്റിന് മുകളിലുള്ള കൈപ്പിടിയിലുമാണ് വിലങ്ങുകൊണ്ട് മുജീബിന്റെ ഇരുകൈകളും ബന്ധിച്ചിരുന്നത്. പോലീസ് എത്തിയാണ് മുജീബിന്റെ വിലങ്ങ് അഴിച്ചത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചേർന്നത്.
Most Read: ഐഎഎസ് തലത്തിൽ അഴിച്ചുപണി; ബിശ്വനാഥ് സിൻഹ ആഭ്യന്തര-വിജിലൻസ് സെക്രട്ടറി