തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. നഗരത്തിന്റെ വിവിധയിടങ്ങളിൽ ആറ്റുകാൽ അമ്മക്ക് പൊങ്കാല അർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്‌തർ. രാവിലെ 9.45ന് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകുന്നത്. 10.15ന് അടുപ്പുവെട്ട്.
കണ്ണകി ചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിയാലുടൻ തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ദീപം ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകരും. ഇതേ ദീപം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും പകരും. ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും അകമ്പടിയേകും.
പണ്ടാര അടുപ്പിൽ നിന്ന് പകരുന്ന ദീപമാണ് ഭക്‌തരുടെ ലക്ഷക്കണക്കിന് അടുപ്പുകൾ ജ്വലിപ്പിക്കുക. ഉച്ചയ്‌ക്ക് 1.15നാണ് പൊങ്കാല നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലൻമാരെ ചൂരൽകുത്തും. 11.15ന് മണക്കാട് ധർമശാസ്‌താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളിത്ത്. നാളെ രാവിലെ അഞ്ചിന് ശാസ്‌താ ക്ഷേത്രത്തിലെ പൂജയ്‌ക്ക് ശേഷം തിരിച്ചെഴുന്നള്ളിത്ത്. രാത്രി പത്തിന് കാപ്പഴിച്ചു ദേവിയെ കുടിയിളക്കും. രാത്രി ഒന്നിന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഇക്കൊല്ലത്തെ പൊങ്കാല മഹോൽസവത്തിന് സമാപനമാകും.
ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും കൺട്രോൾ റൂമുകളും ക്ഷേത്ര പരിസരത്ത് സജ്‌ജമാക്കിയിട്ടുണ്ട്. ആംബുലൻസ് ഉൾപ്പടെയുള്ള മെഡിക്കൽ ടീമുകളെ പൊങ്കാല അവസാനിക്കുന്നത് വരെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, ചൂട് കൂടിയതിനാൽ നിർജലീകരണം ഒഴിവാക്കാൻ ദാഹം തോന്നുന്നില്ലെങ്കിലും ഇടയ്‌ക്കിടയ്‌ക്ക് വെള്ളം കുടിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ