ന്യൂഡെല്‍ഹി : സുരക്ഷാ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി പബ്ജി ആപ്പ് ഇന്ത്യയില്‍ നിരോധിച്ചതോടെ പബ്ജി കോര്‍പ്പറേഷന്റെ നിര്‍ണ്ണായക നീക്കം. ചൈന കമ്പനിയായ ടെന്‍സെന്റില്‍ നിന്നും പബ്ജി മൊബൈല്‍ ആപ്പിന്റെ അവകാശം പബ്ജി കോര്പ്പറേഷന് തിരിച്ചെടുത്തു. ഇതോടെ പബ്ജി ഇന്ത്യയിലേക്ക് വീണ്ടും തിരികെയെത്താന്‍ സാധ്യതകള്‍ തുറക്കുകയാണ്. പബ്ജി മൊബൈല്‍ ആപ്പ്ളിക്കേഷന്റെ നിര്‍മ്മാതാക്കള്‍ മാത്രമാണ് ടെന്‍സെന്റ്. ചൈനയുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യയില്‍ പബ്ജി ഗെയിം നിരോധിച്ചത്. എന്നാല്‍ ഇനി മുതല്‍ ഗെയിം പബ്ലിഷിംഗിന്റെ എല്ലാ അവകാശങ്ങളും പബ്ജി കോര്പ്പറേഷന് ആയിരിക്കുമെന്നും ഇന്ത്യന്‍ പബ്ജി കളിക്കാര്‍ക്കായി പുതിയ പദ്ധതികള്‍ തയ്യാറക്കുന്നുണ്ടെന്നും പബ്ജി കോര്പ്പറേഷന് അറിയിച്ചു.
പബ്ജി ഗെയിമിന്റെ ആപ്പ് നിര്‍മ്മാതാക്കള്‍ മാത്രമാണ് ടെന്‍സെന്റ് കമ്പനി. സൗത്ത് കൊറിയന്‍ കമ്പനിയായ ബ്ലൂഹോളിന്റെ ഉപസ്ഥാപനമായ പബ്ജി കോര്‍പ്പറേഷനാണ് പബ്ജി ഗെയിമിന്റെ നിര്‍മ്മാതാക്കള്‍. പൗരന്മാരുടെ സുരക്ഷക്ക് പ്രാധാന്യം കൊടുക്കുന്ന സര്‍ക്കാര്‍ നിലപാടിനോട് യോജിക്കുന്നുവെന്ന് പബ്ജി കോര്പ്പറേഷന് അറിയിച്ചു. ഒപ്പം സര്‍ക്കാര്‍ നയങ്ങള്‍ പാലിച്ചു കൊണ്ട് ഗെയിം വീണ്ടും ഇന്ത്യയിലെത്തിക്കുമെന്നും പബ്ജി കോര്പ്പറേഷന് അറിയിച്ചു.






































