ന്യൂഡൽഹി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ലഭിക്കാനുള്ള ലേല നടപടികളിൽ കേരളം യോഗ്യത നേടിയിരുന്നില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. വിമാനത്താവള നടത്തിപ്പ് 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് പാട്ടത്തിന് കൈമാറിയ കേന്ദ്ര തീരുമാനത്തിനെതിരെ കേരളത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഇന്നലെ വിഷയം ചർച്ച ചെയ്യാൻ സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. എന്തുവന്നാലും കേരളം സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കുകയും ചെയ്തു. ഇതോടെയാണ് മന്ത്രി വിശദീകരണവുമായെത്തിയത്.
2018 ലാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് പിപിഇ മാതൃകയിൽ കൈമാറാൻ കേന്ദ്രം തീരുമാനമെടുക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം സംസ്ഥാനസർക്കാരിന് കൈമാറാനുള്ള ആവശ്യം ഉന്നയിച്ചിരുന്നു. കൊച്ചിയിൽ സിയാൽ എന്ന പ്രത്യേക കമ്പനി രൂപീകരിച്ച് നടത്തിപ്പിൽ മുൻ പരിചയമുള്ള സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണം എന്നായിരുന്നു പ്രധാനആവശ്യം. അതിനൊപ്പം റൈറ്റ് ഓഫ് റെഫ്യൂസൽ അധികാരം നൽകണം എന്ന് കൂടി അറിയിച്ചിരുന്നു.
ഈ ആവശ്യം അംഗീകരിക്കപ്പെട്ടതോടെ ലേലനടപടികളിൽ പങ്കെടുക്കുന്ന സർക്കാർ പ്രതിനിധിയായ കെഎസ്ഐഡിസി ലേലപരിധിയുടെ 10 ശതമാനത്തിനുള്ളിൽ വന്നാൽ അവർക്ക് നൽകാമെന്നും വ്യവസ്ഥ ചെയ്തു. പക്ഷേ ലേലം നടന്നു കഴിഞ്ഞപ്പോൾ 20 ശതമാനത്തിനടുത്തായിരുന്നു ഈ വ്യത്യാസം. ഒരു യാത്രക്കാരന് 135 രൂപ വെച്ച് നൽകാമെന്ന് സംസ്ഥാനസർക്കാരും 168 രൂപ വെച്ച് നൽകാമെന്ന് അദാനി ഗ്രൂപ്പും പറഞ്ഞതോടെ കൂടുതൽ തുക വാഗ്ദാനം ചെയ്തവർക്ക് കരാർ നൽകുകയായിരുന്നു എന്ന് മന്ത്രി പറയുന്നു. ഈ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ബിജെപിയും കേന്ദ്രസർക്കാരും വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തെ പ്രതിരോധിക്കുന്നത്.
കേന്ദ്രതീരുമാനത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സർവ്വകക്ഷി യോഗത്തിൽ ധാരണയായി. സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്രതീരുമാനത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.








































