ന്യൂഡെൽഹി: ”നമസ്കാരം, എന്റെ രാജ്യത്തെ പ്രിയപ്പെട്ട ജനങ്ങളെ, 41 വർഷത്തിനുശേഷം നമ്മൾ വീണ്ടും ബഹിരാകാശത്തെത്തി”- ആക്സിയോം-4 ദൗത്യത്തിന്റെ ഭാഗമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ച ഇന്ത്യൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ളയുടെ ആദ്യ പ്രതികരണം ഇതായിരുന്നു.
”ഇത് വളരെ ആശ്ചര്യജനകമായ യാത്രയാണ്. സെക്കൻഡിൽ ഏഴര കിലോമീറ്റർ വേഗതയിൽ ഭൂമിയെ ചുറ്റുകയാണ് ഞങ്ങൾ. നിങ്ങൾ എല്ലാവർക്കുമൊപ്പമാണ് ഞാനെന്ന് എന്റെ ചുമലിൽ പതിച്ച ത്രിവർണ പതാക എന്നോട് പറയുന്നു. ഇത് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള എന്റെ യാത്രയുടെ തുടക്കമല്ല. പക്ഷേ, മനുഷ്യനെ ബഹിരാകാശത്ത് അയക്കാനുള്ള ഇന്ത്യയുടെ പദ്ധതിയുടെ തുടക്കമാണ്. ഈ യാത്രയിൽ നിങ്ങളെല്ലാവരും ഭാഗമാകണമെന്നാണ് എന്റെ ആഗ്രഹം. അഭിമാനം കൊണ്ട് നിങ്ങളുടെ നെഞ്ച് നിറയണം. നമുക്ക് ഒത്തൊരുമിച്ച് മനുഷ്യനെ ബഹിരാകാശത്ത് അയക്കാനുള്ള ഇന്ത്യയുടെ പദ്ധതിക്ക് തുടക്കമിടാം. നന്ദി. ജയ് ഹിന്ദ്, ജയ് ഭാരത്”- ശുഭാംശു ശുക്ള പറഞ്ഞു.
ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01നായിരുന്നു ആക്സിയോം-4ന്റെ വിക്ഷേപണം. വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 4.30ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ ബഹിരാകാശയാത്രാ ദൗത്യമാണിത്. ദൗത്യം പൂർത്തിയായാൽ, രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ, അല്ലെങ്കിൽ ഇസ്രോ അംഗം എന്ന നേട്ടം ശുഭാംശു ശുക്ളയുടെ പേരിലാകും.
41 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പൗരൻ ബഹിരാകാശത്ത് എത്തുന്നത്. 14 ദിവസം ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിൽ വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെടും. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 ബ്ളോക്ക് 5 റോക്കറ്റാണ് നാല് യാത്രികരുമായി കുതിച്ചുയർന്നത്. ഈ റോക്കറ്റിന്റെ മുകളിൽ ഘടിപ്പിച്ചുള്ള ഡ്രാഗൺ സി 213 പേടകത്തിലാണ് യാത്രക്കാർ ഇരിക്കുക.
യുഎസ് ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സണൻ നയിക്കുന്ന യാത്രയിൽ ശുഭാംശു ശുക്ള കൂടാതെ, സ്ളാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരും ഭാഗമാകും. കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളിൽ ശുക്ള ഏഴ് പരീക്ഷണങ്ങൾ നടത്തും. ഗഗൻയാൻ, ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ ദൗത്യങ്ങൾക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഹ്യൂമൻ സ്പേസ് മിഷനുകളിൽ വൈദഗ്ധ്യം നേടാനുള്ള അവസരമായി എഐഎസ്ആർ ഈ ദൗത്യത്തെ ഉപയോഗിക്കുന്നു.
ആറുതവണയാണ് ദൗത്യം മാറ്റിവെച്ചത്. മേയ് 29നായിരുന്നു യഥാർഥത്തിൽ വിക്ഷേപണം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, സാങ്കേതിക തടസങ്ങളെ തുടർന്ന് പല ദിവസങ്ങളിലായി മാറ്റിവെച്ച ദൗത്യം ഇന്നേക്ക് നിശ്ചയിക്കുകയായിരുന്നു. ശുഭാംശുവിന്റെ യാത്രയ്ക്കായി 500 കോടി രൂപയാണ് ഇന്ത്യ ചിലവഴിച്ചിരിക്കുന്നത്.
1985 ഒക്ടോബർ പത്തിന് ഉത്തർപ്രദേശിലെ ലഖ്നൗവിൽ ജനിച്ച ശുഭാംശു ശുക്ള, പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) പഠിച്ചു. 2006 ജൂണിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) യുദ്ധവിമാന വിഭാഗത്തിൽ ചേർന്ന അദ്ദേഹം 2024 മാർച്ചിൽ ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നേടി. 2019ൽ ഇസ്രോ അദ്ദേഹത്തെ ബഹിരാകാശ യാത്രിക പരിശീലനത്തിനായി തിരഞ്ഞെടുത്തു.
തുടർന്ന് അദ്ദേഹം മോസ്കോയിലെ സ്റ്റാർ സിറ്റിയിലുള്ള യൂറി ഗഗാറിൻ കോസ്മോനട്ട് പരിശീലന കേന്ദ്രത്തിൽ നിന്ന് പരിശീലനം നേടി. 2024 ഫെബ്രുവരിയിൽ, 2026ലേക്ക് ആസൂത്രണം ചെയ്ത ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഇസ്രോയുടെ ഗഗൻയാൻ ദൗത്യത്തിന്റെ പ്രധാന ബഹിരാകാശ യാത്രികനായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!