ന്യൂയോർക്ക്: പലതവണ മാറ്റിവെച്ച, വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്‌സിയോം-4 വിക്ഷേപണം ഈ മാസം 19ന് നടത്താൻ ശ്രമം. തകരാറുകൾ പരിഹരിച്ചു. ദൗത്യം ഈ മാസം 19ന് നടത്താനാണ് ശ്രമങ്ങൾ നടക്കുന്നതെന്നും അധികൃതർ അറിയിച്ചു.
ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്‌സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം ഏറ്റവും ഒടുവിലായി മാറ്റിയത്. നേരത്തെ പലതവണ ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിയിരുന്നു. മേയ് 29നായിരുന്നു യഥാർഥത്തിൽ വിക്ഷേപണം നടത്താൻ നിശ്‌ചയിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാൽ അത് ജൂൺ എട്ടിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ, തയ്യാറെടുപ്പുകൾക്കായി കൂടുതൽ സമയം ആവശ്യമായതിനാൽ വിക്ഷേപണം ജൂൺ പത്തിലേക്ക് മാറ്റി. മോശം കാലാവസ്‌ഥ ആയതോടെ 11ലേക്കും മാറ്റി. അന്നും വിക്ഷേപണം നടത്താൻ സാധിച്ചിരുന്നില്ല. ദൗത്യം പൂർത്തിയായാൽ, രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ, അല്ലെങ്കിൽ ഇസ്രോ അംഗം എന്ന നേട്ടം ശുഭാംശു ശുക്ളയുടെ പേരിലാകും.
ആക്‌സിയോം-4 പേടകം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് കുതിച്ചുയരുക. സ്‌പേസ് എക്‌സിന്റെ നാലാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണിത്. സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 ബ്ളോക്ക് 5 റോക്കറ്റാണ് നാല് യാത്രികരുമായി കുതിച്ചുയരുക.
ഈ റോക്കറ്റിന്റെ മുകളിൽ ഘടിപ്പിച്ചുള്ള ഡ്രാഗൺ സി 213 പേടകത്തിലാണ് യാത്രക്കാർ ഇരിക്കുക. യുഎസ് ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സണൻ നയിക്കുന്ന യാത്രയിൽ ശുഭാംശു ശുക്ള കൂടാതെ, സ്ളാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരും ഭാഗമാകും.
കൃഷി, ഭക്ഷണം, ജീവശാസ്‌ത്രം എന്നീ മേഖലകളിൽ ശുക്ള ഏഴ് പരീക്ഷണങ്ങൾ നടത്തും. ഗഗൻയാൻ, ഭാരതീയ അന്തരീക്ഷ സ്‌റ്റേഷൻ ദൗത്യങ്ങൾക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഹ്യൂമൻ സ്‌പേസ് മിഷനുകളിൽ വൈദഗ്‌ധ്യം നേടാനുള്ള അവസരമായി എഐഎസ്ആർ ഈ ദൗത്യത്തെ ഉപയോഗിക്കുന്നു.
Most Read| കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്‌ക്ക് സമ്മാനമായി മകന്റെ ഉന്നതവിജയം