തൃശൂര്‍ : രണ്ട് വര്‍ഷത്തില്‍ ഏറെയായി സര്‍വീസ് നിലച്ച അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് അടുത്ത ആഴ്‌ച മുതല്‍ പുനരാരംഭിക്കും. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ജങ്കാര്‍ ഞായറാഴ്‌ചയോടെ കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നും അഴീക്കോട് ജെട്ടിയില്‍ എത്തിക്കും. ശേഷം തിങ്കളാഴ്‌ചയോടെ സര്‍വീസ് പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതര്‍ വ്യക്‌തമാക്കുന്നത്.
ജങ്കാര്‍ കരയിലേക്ക് അടുപ്പിക്കുന്ന ഊന്നു കുറ്റി രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2018 ജൂണ്‍ 18 ന് കടപുഴകിയതോടെയാണ് ജങ്കാര്‍ സര്‍വീസ് സ്‌തംഭിച്ചത്. പിന്നീട് ഇത്ര നാളും കരയില്‍ കെട്ടിയിട്ടിരുന്ന ജങ്കാറിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. 29 ലക്ഷം രൂപ ചിലവിട്ടാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയത്. ഒപ്പം തന്നെ അഴീക്കോട് ജെട്ടിയിലും മുനമ്പം ജെട്ടിയിലും 47 ലക്ഷം രൂപ ചിലവിട്ട് ഊന്നു കുറ്റിയും സ്‌ഥാപിച്ചു.
അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് നിലച്ചതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയില്‍ ആയത്. 7 മിനിറ്റ് കൊണ്ട് മറുകരയില്‍ എത്തേണ്ട യാത്രക്കാര്‍ സര്‍വീസ് നിലച്ചതോടെ 15 കിലോമീറ്ററില്‍ അധികം താണ്ടി അരമണിക്കൂറില്‍ അധികം യാത്ര ചെയ്‌താണ് മറുകരയില്‍ എത്തിക്കൊണ്ടിരുന്നത്. ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കുന്നതോടെ ഇതിന് പരിഹാരം കാണാനാകും എന്ന ആശ്വാസത്തിലാണ് അധികൃതര്‍.
Malabar news : കണ്ണൂര്‍ രാമപുരത്ത് മല്‍സ്യ ലോറി അപകടത്തില്‍ പെട്ടു







































