കൊച്ചി: ലൈംഗികമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി നടൻ ബാബുരാജിനും സംവിധായകൻ വിഎ ശ്രീകുമാർ മേനോനുമെതിരെ പോലീസിൽ പരാതി നൽകി മുൻ ജൂനിയർ ആർട്ടിസ്‌റ്റ്. പ്രത്യേക അന്വേഷണ സംഘത്തിന് ഇ-മെയിലായാണ് നടി പരാതി നൽകിയത്. ആവശ്യമെങ്കിൽ തെളിവുകൾ ഹാജരാക്കുമെന്നും നടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
സിനിമയിലും പരസ്യചിത്രത്തിലും അവസരം വാഗ്‌ദാനം ചെയ്‌ത് ആലുവയിലെ വീട്ടിൽ വെച്ച് നടനും നിർമാതാവുമായ ബാബുരാജും കൊച്ചിയിലെ ഫ്ളാറ്റിൽ വെച്ച് സംവിധായകൻ ശ്രീകുമാർ മേനോനും പീഡിപ്പിച്ചെന്നാണ് മുൻ ജൂനിയർ ആർട്ടിസ്‌റ്റിന്റെ ആരോപണം.
ബാബുരാജിന്റെ മൂന്നാറിലെ റിസോർട്ടിൽ റിസപ്‌ഷനിസ്‌റ്റായിരുന്നു. പുതിയൊരു സിനിമയുടെ ചർച്ചക്കെന്ന് പറഞ്ഞ് 2019ൽ ബാബുരാജ് ആലുവയിലെ വീട്ടിലേക്ക് ക്ഷണിച്ചു. അവിടെവെച്ച് പീഡനത്തിന് ഇരയാക്കി. പിറ്റേന്നാണ് പോകാൻ അനുവദിച്ചത്. പിന്നീട് ബാബുരാജിനെ കണ്ടിട്ടില്ലെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
2020ൽ പരസ്യചിത്രത്തിൽ അഭിനയിക്കാൻ അവസരം വാഗ്‌ദാനം ചെയ്‌ത ശ്രീകുമാർ മേനോൻ, കൊച്ചിയിലെ ഹോട്ടലിലേക്ക് വരാൻ ആവശ്യപ്പെട്ടു. പരസ്യചിത്രവുമായി ബന്ധപ്പെട്ടവർ ഹോട്ടലിലെ മറ്റൊരു മുറിയിലാണെന്നും ചർച്ചക്ക് അദ്ദേഹത്തിന്റെ മുറിയിലേക്ക് എത്താനും പറഞ്ഞു. അന്ന് ക്രൂരപീഡനത്തിനിരയാക്കി. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതാണ് ചൂഷണങ്ങൾ തുറന്ന് പറയാൻ ധൈര്യം നൽകിയതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
Most Read| ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം; എസ്എസ്എൽവി-ഡി3 ഭ്രമണപഥത്തിൽ