ചെന്നൈ: ഐഎസ്‌ആർഒയുടെ ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്- 08ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയായി. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് രാവിലെ 9.17ന് എസ്എസ്എൽവി-ഡി3 വിക്ഷേപിച്ചത്. ഇഒഎസ്- 08നെ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചു. വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആർഒ അറിയിച്ചു.
14 മിനിറ്റിനുള്ളിൽ ഉപഗ്രഹത്തെ നിശ്‌ചിത ഭ്രമണപഥത്തിൽ എത്തിച്ചു. ഇലക്‌ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ്, ഗ്ളോബൽ നാവിഗേഷൻ സാറ്റ്‌ലൈറ്റ് സിസ്‌റ്റം- റിഫ്‌ളക്‌റ്റോമെട്രി, എസ്‌ഐസി യുവി ഡോസിമീറ്റർ എന്നീ ശാസ്‌ത്രീയ പരീക്ഷണ ഉപകരണങ്ങളാണ് ഉപഗ്രഹത്തിലുള്ളത്. പകൽ-രാത്രി വ്യത്യാസമില്ലാതെ ഇഒഎസ്- 08 പകർത്തുന്ന ഇൻഫ്രാറെഡ് ചിത്രങ്ങൾ ഭൗമനിരീക്ഷണത്തിന് ഏറെ സഹായകമാകും എന്ന് കണക്കാക്കപ്പെടുന്നു.
ഒരു വർഷത്തെ ദൗത്യ കാലാവധിയാണ് ഈ ഉപഗ്രഹത്തിന് നിശ്‌ചയിച്ചിട്ടുള്ളത്. എസ്എസ്എൽവി എന്ന ഇസ്രോയുടെ ഏറ്റവും ചെറിയ വിക്ഷേപണ വാഹനത്തിന്റെ മൂന്നാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്‌ത്രജ്‌ഞരെയും ഇസ്രോ ചെയർമാൻ അഭിനന്ദിച്ചു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ