തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശ്രീതുവിനെയും പ്രതി ചേർക്കാനൊരുങ്ങി പോലീസ്. ചോദ്യം ചെയ്യലിൽ ലഭിച്ച മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് വിവരം. ശ്രീതുവിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് സഹോദരൻ ഹരികുമാറുമായുള്ള വാട്സ് ആപ് ചാറ്റുകളിൽ നിന്ന് നിർണായക വിവരം ലഭിച്ചെന്നും റിപ്പോർട്ടുണ്ട്.
ഹരികുമാറിനെ ചോദ്യം ചെയ്യുന്നതും തുടരുകയാണ്. ഇയാളുടെ മൊഴിയിലും വൈരുധ്യമുണ്ട്. കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്നുവെന്നാണ് ഹരികുമാർ പോലീസിനോട് പറഞ്ഞിരുന്നത്. കുറ്റകൃത്യം ഒറ്റയ്ക്ക് ചെയ്തുവെന്നാണ് ഇയാളുടെ മൊഴി. എന്നാൽ, മറ്റാരെയെങ്കിലും സംരക്ഷിക്കാൻ വേണ്ടി ഹരികുമാർ കുറ്റം ഏറ്റെടുത്തതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
കുറ്റം ഏറ്റു പറഞ്ഞെങ്കിലും എന്തിന് വേണ്ടിയാണ് കുഞ്ഞിനെ കൊന്നതെന്ന ചോദ്യത്തിന് ഹരികുമാർ കൃത്യമായ ഉത്തരം നൽകിയിട്ടില്ല. നാലുമണിയോടെ എല്ലാവരുടെ ചോദ്യം ചെയ്യലും പൂർത്തിയാക്കാനാണ് ലക്ഷ്യം. തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്നും വിവരമുണ്ട്.
കൊട്ടുകാൽക്കോണം സ്വദേശികളായ ശ്രീജിത്ത്- ശ്രീതു ദമ്പതികളുടെ മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്ന് രാവിലെ 5.15നാണ് കാണാനില്ലെന്ന് മനസിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചപ്പോഴാണ് എട്ടുമണിയോടെ കുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്ക്ക്








































