ബെംഗളൂരു: ഹിജാബ് വിധിയിൽ പ്രതിഷേധിച്ച് കർണാടകയിൽ നാളെ ബന്ദ് പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗ് സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്‌തത്. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ബന്ദ്. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ വിദ്യാർഥിനികൾ ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ സർക്കാർ നിലപാട് കർണാടക ഹൈക്കോടതി ശരിവച്ച് ഇന്നലെയാണ് ഉത്തരവ് പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് സംഘടനകൾ രംഗത്ത് വന്നിരിക്കുന്നത്.
ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്നാണ് കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ വിധിയിൽ വ്യക്‌തമാക്കുന്നത്. ഹിജാബ് നിരോധനം മതവിശ്വാസം സംബന്ധിച്ച ഭരണഘടനയുടെ അനുഛേദം 25ന്റെയും അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച അനുഛേദം 19ന്റെയും ലംഘനമാണെന്ന ഹരജിക്കാരുടെ വാദമാണ് കോടതി തള്ളിയത്.
കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ വിദ്യാർഥിനികൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഹോളി അവധി കഴിഞ്ഞതിന് ശേഷം ഹരജികൾ പരിഗണിക്കുമെന്നാണ് സുപ്രീം കോടതി വ്യക്‌തമാക്കിയത്.
Read also: ഐഎഫ്എഫ്‍കെ; ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു