ന്യൂഡെൽഹി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ബംഗ്ളാദേശ് സർക്കാർ. ബംഗ്ളാദേശ് ഇടക്കാല സർക്കാർ ഇതുമായി ബന്ധപ്പെട്ട് നയതന്ത്രതലത്തിൽ കത്ത് നൽകി.
ഹസീനയ്‌ക്ക് ബംഗ്ളാദേശിൽ നിയമനടപടി നേരിടേണ്ടതുണ്ടെന്ന് കാട്ടിയാണ് നയതന്ത്ര തലത്തിൽ കത്തയച്ചതെന്ന് ഇടക്കാല സർക്കാരിലെ വിദേശകാര്യ ഉപദേഷ്‌ടാവ് തൗഹീദ് ഹുസൈൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജനകീയ പ്രക്ഷോഭത്തിൽ അധികാരം നഷ്‌ടമായതിനെ തുടർന്ന് ബംഗ്ളാദേശ് വിട്ട ഓഗസ്‌റ്റ് അഞ്ചുമുതൽ ഷെയ്ഖ് ഹസീന ഇന്ത്യയിൽ കഴിയുകയാണ്. ന്യൂഡെൽഹിയിലാണ് ഇപ്പോഴുള്ളത്.
ജൂലൈ മുതൽ ബംഗ്ളാദേശിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഷെയ്ഖ് ഹസീനയുടെയും, ഹസീന മന്ത്രിസഭയിലെ മന്ത്രിമാർക്കുമെതിരെ ധാക്ക ആസ്‌ഥാനമായുള്ള രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി) വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഐസിടി അറസ്‌റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
ഇതുവരെ 200ലേറെ കേസുകളാണ് ഹസീനക്കെതിരെ ബംഗ്‌ളാദേശ് ചുമത്തിയത്. ഇതിൽ 179 എണ്ണം കൊലക്കുറ്റങ്ങളാണ്. മനുഷ്യത്വത്തിനെതിരെയുള്ള കുറ്റം, വംശഹത്യ, തട്ടിക്കൊണ്ടു പോകൽ എന്നിവയും ഹസീനയുടെ പേരിലുള്ള കേസുകളിൽ ഉൾപ്പെടുന്നു. ഇവയെല്ലാം ഇരു രാജ്യങ്ങളിലും കുറ്റകരമായതും പലതും ഒരുവർഷത്തിലേറെയോ വധശിക്ഷ തന്നെയോ ലഭിക്കാവുന്നതുമായ കുറ്റങ്ങളുമാണ്.
അതുകൊണ്ടുതന്നെ നയതന്ത്ര തലത്തിലുള്ള ബംഗ്ളാദേശിന്റെ വിട്ടയക്കൽ അപേക്ഷ ഇന്ത്യക്ക് പരിഗണിക്കേണ്ടി വരും. എന്നാൽ, ഇക്കാര്യത്തിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല. ഇന്ത്യയും ബംഗ്ളാദേശും തമ്മിൽ കുറ്റവാളികളെ കൈമാറൽ കരാറുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ളാദേശ് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞയാഴ്‌ച ഇന്ത്യയുടെ വിദേശ സെക്രട്ടറി വിക്രം മിസ്രി ബംഗ്ളാദേശ് സന്ദർശിച്ചിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണവുമായി ബന്ധപ്പെട്ട ആശങ്ക ഇടക്കാല സർക്കാരിനെ അറിയിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ളാദേശ് സർക്കാരിന്റെ നീക്കം. നേരത്തെ ഇടക്കാല സർക്കാരിന്റെ തലവൻ കൂടിയായ മുഹമ്മദ് യൂനുസ്, ഷെയ്ഖ് ഹസീനക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ഷെയ്ഖ് ഹസീന ഇന്ത്യയിലിരുന്ന് ബംഗ്ളാദേശിനെതിരെ പ്രസ്‌താവനകൾ പുറപ്പെടുവിക്കുന്നു എന്നായിരുന്നു യൂനുസിന്റെ വിമർശനം. 1971ലെ ബംഗ്ളാദേശ് വിമോചന സമരത്തിൽ രക്‌തസാക്ഷികളായവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയിൽ 30% സംവരണം ഏർപ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഇത് പിന്നീട് സർക്കാരിനെതിരെയുള്ള പ്രക്ഷോഭമായി മാറുകയായിരുന്നു. പിന്നാലെയാണ് ഷെയ്ഖ് ഹസീന രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്‌തത്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’