വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ മുൻ മാനേജറും 17 കോടി രൂപയിൽപ്പരം വിലവരുന്ന 26 കിലോ സ്വർണവുമായി മുങ്ങിയ പ്രതിയുമായ മധ ജയകുമാറിന്റെ വീഡിയോ സന്ദേശം പുറത്ത്. താൻ ഒളിവിൽ അല്ലെന്നും അവധിയിലാണെന്നും മധ ജയകുമാർ വീഡിയോ സന്ദേശത്തിൽ വ്യക്‌തമാക്കി.
”അവധിയെടുക്കുന്ന വിവരം ഇ-മെയിലിലൂടെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ചാത്തൻകണ്ടത്തിൽ ഫൈനാൻസിയേഴ്‌സ് എന്ന ഗ്രൂപ്പിന് വേണ്ടിയാണ് സ്വർണം പണയപ്പെടുത്തിയത്. ബാങ്കിന്റെ സോണൽ മാനേജർ അരുണിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. ഒരുവർഷം മുൻപ് അരുണാണ് ഇവരെ ബാങ്കിലേക്ക് പറഞ്ഞുവിട്ടത്. മറ്റു ബ്രാഞ്ചുകൾക്കും സോണൽ മാനേജർ നിർദ്ദേശം നൽകിയിരുന്നു. 8% പലിശക്ക് കാർഷിക വായ്‌പയായാണ് പണയം വെച്ചത്. മലപ്പുറം ബ്രാഞ്ചിൽ 25 ലക്ഷം രൂപക്കായിരുന്നു ആദ്യം പണയം വെച്ചത്”- മധ ജയകുമാർ സന്ദേശത്തിൽ പറഞ്ഞു.
ഇത് കൂടാതെ മഞ്ചേരി, വടകര, കോഴിക്കോട്, താമരശേരി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിലും ചാത്തൻകണ്ടത്തിൽ ഗ്രൂപ്പിന്റെ സ്വർണപ്പണയ വായ്‌പയുണ്ട്. ഒരാളുടെ പേരിൽ ഒരുകോടി രൂപ വരെ പണം നൽകിയിട്ടുണ്ട്. നിയമപ്രകാരം ഇവർക്ക് കാർഷിക വായ്‌പ നൽകാനാവില്ല. ഇപ്പോഴുള്ള ബാങ്കിന്റെ മഞ്ചേരി ഇർഷാദിന് ഈ ഗ്രൂപ്പുമായി ബന്ധമുണ്ട്”- മധ ജയകുമാർ ആരോപിച്ചു.
എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ മുൻ മാനേജറായ മധ ജയകുമാർ 26244.20 ഗ്രാം സ്വർണത്തിന് പകരം മുക്കുപണ്ടം വെച്ച് 17,20,35,717 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. 2021ൽ ഇവിടെ ചാർജെടുത്ത മധ ജയകുമാറിനെ കഴിഞ്ഞ ജൂലൈയിൽ പാലാരിവട്ടം ശാഖയിലേക്ക് സ്‌ഥലം മാറ്റിയിരുന്നു. എന്നാൽ, ഇവിടെ ചാർജെടുത്തിട്ടില്ല.
വടകര ശാഖയിലെ റീ അപ്രൈസർ നടപടിയിലാണ് ക്രമക്കേട് മനസിലായത്. 2021 ജൂൺ 13 മുതൽ 2024 ജൂലൈ ആറുവരെ 42 അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ ഈസ്‌റ്റ് പള്ളൂർ റുക്‌സാന വില്ലയിൽ ഇർഷാദിന്റെ പരാതിയിലാണ് വടകര പോലീസ് കേസെടുത്തത്.
Most Read| ഇനി കേരളം മുഴുവൻ കുതിക്കാം; ഓട്ടോറിക്ഷാ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ