തിരുവനന്തപുരം: ഇനി കേരളം മുഴുവൻ ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താനാകും. സംസ്‌ഥാനത്തെ ഓട്ടോറിക്ഷാ പെർമിറ്റിൽ സർക്കാർ ഇളവ് നൽകിയിരിക്കുകയാണ്. ഓട്ടോറിക്ഷാ യൂണിയന്റെ സിഐടിയു കണ്ണൂർ മാടായി ഏരിയ കമ്മിറ്റി നൽകിയ അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിലെ ഇളവ്. സംസ്‌ഥാന ട്രാൻസ്‌പോർട് യോഗത്തിലാണ് തീരുമാനം.
ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് തീരുമാനമെടുത്തത്. ഇനിമുതൽ ഓട്ടോറിക്ഷ ഇൻ ദ സ്‌റ്റേറ്റ് എന്ന രീതിയിൽ പെർമിറ്റ് സംവിധാനം മാറ്റും. പെർമിറ്റിൽ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്‌റ്റേറ്റ് രജിസ്‌റ്റർ ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന് നിബന്ധനയുമുണ്ട്.
ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നൽകിയിരുന്നത്. ഓട്ടോകൾക്ക് ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകടസാധ്യത കണക്കിലെടുത്തായിരുന്നു പെർമിറ്റ് നിയന്ത്രിച്ചിരുന്നത്. എന്നാൽ, പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് സിഐടിയു പലവട്ടം ആവശ്യപ്പെട്ടിരുന്നു.
റോഡുകളിൽ ഓട്ടോയ്‌ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്. അതിവേഗ പാതകളിൽ വാഹനങ്ങൾ കുതിക്കുമ്പോൾ ഓട്ടോകൾ ദീർഘദൂര സർവീസുകൾ നടത്തുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് ഉദ്യോഗസ്‌ഥർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഇതെല്ലാം തള്ളിക്കളഞ്ഞാണ് ഇപ്പോൾ പുതിയ തീരുമാനം.
Most Read| 2000 കിലോഗ്രാം ഭാരം, ഒറ്റയടിക്ക് 30 കോടി മുട്ട; വിഴിഞ്ഞത്ത് അപൂർവ കാഴ്‌ചയായി സൂര്യമൽസ്യം