തിരുവനന്തപുരത്ത് അപൂർവ കാഴ്‌ചയായി സൂര്യമൽസ്യം (ഓഷ്യൻ സൺ ഫിഷ്). ഇന്നലെ രാവിലെയാണ് സൂര്യമൽസ്യം വിഴിഞ്ഞം കരയ്‌ക്കടിഞ്ഞത്. എല്ലുകൾക്ക് ഏറ്റവും കൂടുതൽ ഭാരമുള്ള മൽസ്യമാണിത്. ഓഷ്യൻ സൺ ഫിഷ് അഥവാ കോമൺ മോളെ- മോളെ എന്നാണിത് അറിയപ്പെടുന്നത്. രൂപം ഭീകരമാണെങ്കിലും കടലിലെ പാവം മൽസ്യമാണിത്.
ആരെയും ഉപദ്രവിക്കാറില്ലെന്ന് സാരം. ഒറ്റനോട്ടത്തിൽ തിരണ്ടിയെ പോലെയാണ്. എന്നാൽ, പരന്ന് ഉരുണ്ട രൂപത്തിലുള്ള ഈ മൽസ്യത്തിന് വാലില്ല. ചെറിയ രണ്ടു ചിറകുകൾ ഉണ്ട്. വലുപ്പമേറിയ കണ്ണുകളാണ്. മുതുകിൽ മുള്ള് ഉള്ളിലേക്ക് വളഞ്ഞു പല്ലുകൾ മൂടിയ തരത്തിലാണ് ഇവയുടെ ചുണ്ടുകൾ. അതിനാൽ ഒന്നിനെയും കടിക്കാറില്ല.
ജെല്ലി ഫിഷുകളാണ് പ്രധാന ഭക്ഷണം. അത് ധാരാളം അകത്താക്കും. ജെല്ലി ഫിഷുകളെ ഭക്ഷിക്കുന്നതിനാൽ തന്നെ കടലിന്റെ ആവാസ വ്യവസ്‌ഥ നിയന്ത്രിക്കുന്നതിൽ ഈ മൽസ്യം വളരെയേറെ പങ്കുവഹിക്കുന്നുവെന്ന് വിദഗ്‌ധർ പറയുന്നു. ഉൾക്കടലിലാണ് ഇവ കൂടുതലും കാണുന്നത്. ഉഷ്‌ണമേഖല കാലാവസ്‌ഥയും മിതോഷ്‌ണ ജലത്തിലുമാണ് ഇവയുടെ വാസം.
സാധാരണ പെൺ സൂര്യ മൽസ്യങ്ങൾ ഒരേസമയം 300,000,000യോളം മുട്ടകൾ ഇടാറുണ്ട്. പൂർണ വളർച്ചയെത്താൻ 2000 കിലോഗ്രാം വരെ ഭാരമുണ്ടാകും. കേരളത്തിലെ തീരങ്ങളിൽ വളരെ അപൂർവമായി കാണപ്പെടുന്ന ഇവയെ ഭക്ഷണമായി ഉപയോഗിക്കാറില്ല. എന്നാൽ, ജപ്പാൻ, കൊറിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലെ വിശിഷ്‌ട ഭക്ഷണമാണിത്. ഇന്നലെ വിഴിഞ്ഞത്ത് ലഭിച്ച മൽസ്യത്തെ തിരികെ കടലിൽ ഉപേക്ഷിച്ചു.
HEALTH| ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം