കാസര്‍ഗോഡ്: കേരളത്തില്‍ വില്പന നിരോധിച്ച ഒന്നരകോടിയോളം രൂപ വിലവരുന്ന സിഗരറ്റ് കാസര്‍ഗോഡ് നിന്ന് പിടികൂടി. നാഷണല്‍ പെര്‍മ്മിറ്റ് ലോറിയില്‍ പാലക്കാട്ടേക്ക് കടത്തിക്കൊണ്ടു പോവുകയായിരുന്ന 2,88,000 പാക്കറ്റ് സിഗരറ്റാണ് പിടിച്ചെടുത്തത്. വാണിജ്യ നികുതി വിഭാഗത്തിലെ ജിഎസ്ടി ഉദ്യോഗസ്ഥരാണ് പിടികൂടിയത്.
ജമ്മുകശ്മീർ, പഞ്ചാബ് സംസ്ഥാനങ്ങളില്‍ മാത്രം വില്പന നടത്താന്‍ അനുമതിയുള്ള എംഎസ് നാവികട്ട് ബ്രാന്‍ഡ് സിഗരറ്റുകളാണ് ലോറിയില്‍ നിന്നും പിടിച്ചെടുത്തത്. കാസര്‍കോട്ടെ ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന നടത്തിയതില്‍ നിന്നുമാണ് സിഗരറ്റ് പിടികൂടിയത്.
Malabar News: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ കുരങ്ങൻമാർ ചത്തു വീഴുന്നു
തൃശൂരടക്കമുള്ള സ്ഥലങ്ങളില്‍ വ്യാജ സ്റ്റിക്കര്‍ പതിച്ച ഒരു കോടിയോളം രൂപയുടെ സിഗരറ്റ് പിടികൂടിയതിനെ തുടര്‍ന്ന് എല്ലാ ജില്ലയിലും ജിഎസ്ടി ഉദ്യോഗസ്ഥര്‍ പരിശോധന വ്യാപിപ്പിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പാണ് സിഗരറ്റ് വില്പനയിലൂടെ സംസ്ഥാനത്ത് നടന്നു വന്നത്.