വാഷിങ്ടൻ: ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിക്കെതിരെ നടപടി തുടർന്ന് ട്രംപ് ഭരണകൂടം. ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾ വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ യുഎസ് നിരോധനം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച ഉത്തരവിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു.
”വനിതാ അത്‌ലീറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ സ്‌ത്രീകളെയും പെൺകുട്ടികളെയും തല്ലാനും പരുക്കേൽപ്പിക്കാനും വഞ്ചിക്കാനും ഞങ്ങൾ പുരുഷൻമാരെ അനുവദിക്കില്ല. ഇനി മുതൽ വനിതാ കായിക വിനോദങ്ങൾ സ്‌ത്രീകൾക്ക് മാത്രമായിരിക്കും”- ട്രംപ് പറഞ്ഞു.
ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾക്ക് വനിതാ ടീമുകളിൽ മൽസരിക്കാൻ അനുവദിക്കുന്ന സ്‌കൂളുകൾക്ക് ഫെഡറൽ ഫണ്ട് നിഷേധിക്കാൻ സർക്കാർ ഏജൻസികൾക്ക് അധികാരം നൽകുന്നതാണ് ഉത്തരവ്. ട്രാൻസ്‌ജെൻഡറുകൾ ഇത്തരം മൽസരങ്ങളിൽ പങ്കെടുക്കുന്നത് സ്‌ത്രീകളെയും പെൺകുട്ടികളെയും അപകടപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും നിശബ്‌ദരാക്കുന്നതിനും അവരുടെ സ്വകാര്യത നഷ്‌ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും ഉത്തരവിൽ പറയുന്നു.
2028ൽ ലൊസാഞ്ചലസിൽ നടക്കുന്ന ഒളിമ്പിക്‌സിൽ ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകളുടെ നിയമങ്ങൾ മാറ്റാൻ അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയെ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. മൽസരങ്ങളിൽ പങ്കെടുക്കാൻ വനിതാ അത്‌ലീറ്റുകളാണെന്ന് സ്വയം പരിചയപ്പെടുത്തി വഞ്ചനാപരമായി യുഎസിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന പുരുഷൻമാരുടെ വിസാ അപേക്ഷകൾ നിരസിക്കാൻ നിർദ്ദേശിച്ചതായും ട്രംപ് പറഞ്ഞു.
Most Read| ചരിത്രത്തിൽ ആദ്യമായി നാസയുടെ തലപ്പത്ത് വനിത; ആരാണ് ജാനറ്റ് പെട്രോ?