കണ്ണൂർ: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ജില്ലയിലെ മലയോര മേഖലയിലുള്ള തേനീച്ച കർഷകർ പ്രതിസന്ധിയിൽ. ദിവസങ്ങളായി തുടരുന്ന കനത്ത മഴയാണ് ഇപ്പോൾ തേനീച്ച കർഷകർക്ക് തിരിച്ചടിയായത്. പ്രധാനമായും റബ്ബർ, കുരുമുളക്, കമുക് തുടങ്ങിയ തോട്ടങ്ങളിലാണ് കർഷകർ തേനീച്ച കൃഷി നടത്തുന്നത്. ഇവയിൽ റബ്ബർ തോട്ടങ്ങളിൽ സ്ഥാപിക്കുന്ന തേനീച്ച പെട്ടികളിൽ നിന്നുമാണു കർഷകർക്ക് ആദായം കൂടുതൽ ലഭിക്കുന്നത്. റബ്ബർ പൂക്കളിൽ നിന്നും തേനീച്ചകൾ തേൻ ശേഖരിക്കുന്നതാണ് ഉൽപാദനം വർധിക്കാൻ കാരണം.
എന്നാൽ ഇത്തവണ റബ്ബർ പൂവിടുന്ന സമയത്ത് മഴ കനത്തതോടെ തേൻ ഉൽപാദനത്തിൽ വലിയ ഇടിവാണ് ഉണ്ടായത്. തേനീച്ചകൾക്ക് തേൻ ലഭിക്കാതെ വന്നതോടെ കർഷകർ പഞ്ചസാര ലായനി ഉണ്ടാക്കി നൽകേണ്ടതായി വന്നു. ഇതിന് നല്ലൊരു തുക കർഷകരുടെ കയ്യിൽ നിന്നും ചിലവായിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള കർഷകർ സ്ഥലം പാട്ടത്തിനെടുത്ത് മലയോരത്ത് തേൻകൃഷി നടത്തുന്നുണ്ട്. ഇവരും നിലവിൽ പഞ്ചസാര ലായനി ഉണ്ടാക്കിയാണ് തേനീച്ചകളെ സംരക്ഷിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് ഉണ്ടായ പ്രതിസന്ധിയും, വിലയിടിവും, വിളകളിൽ ഉണ്ടാകുന്ന രോഗബാധയും വലിയ വെല്ലുവിളി സൃഷ്ടിക്കുമ്പോൾ തേനിൽ നിന്നുള്ള വരുമാനം കർഷകർക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ നിലവിൽ കനത്ത മഴ മൂലം കർഷകർക്ക് തേൻ കൃഷിയിലും പ്രതിസന്ധി രൂക്ഷമാകുകയാണ്.
Read also: ബിജെപിയുടെ പരാജയമാണ് സിപിഐഎമ്മിന്റെ മുഖ്യലക്ഷ്യം; യെച്ചൂരി








































