പകരത്തിന് പകരം തീരുവ; യുദ്ധമാണ് വേണ്ടതെങ്കിൽ പൊരുതാൻ തയ്യാർ’, യുഎസിന് ചൈനയുടെ മറുപടി

ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവ പത്ത് ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഡൊണാൾഡ് ട്രംപ് വർധിപ്പിച്ചിരുന്നു. ഇതിനെതിരെ ചൈന ലോക വ്യാപാര സംഘടനയിൽ പരാതി നൽകിയിട്ടുണ്ട്.

By Senior Reporter, Malabar News
US-China Tariff War
ഡൊണാൾഡ് ട്രംപും ഷി ചിൻപിങ്ങും (Image By: NDTV)
Ajwa Travels

ബെയ്‌ജിങ്‌: ചില രാജ്യങ്ങൾ യുഎസിന് ചുമത്തുന്ന തീരുവ വളരെ കൂടുതലാണെന്നും, ഏപ്രിൽ രണ്ടുമുതൽ പകരത്തിന് പകരം തീരുവ ചുമത്തുമെന്നുമുള്ള ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി ചൈന. യുദ്ധമാണ് യുഎസിന് വേണ്ടതെങ്കിൽ അവസാനം വരെ പൊരുതാൻ ഞങ്ങൾ തയ്യാറാണെന്നും ചൈന അറിയിച്ചു.

”യുഎസിന് യുദ്ധമാണ് വേണ്ടതെങ്കിൽ, അത് തീരുവ യുദ്ധമാണെങ്കിലും വ്യാപാര യുദ്ധമാണെങ്കിലും മറ്റേത് യുദ്ധമാണെങ്കിലും അവസാനം വരെ പോരാടാൻ ഞങ്ങൾ തയ്യാറാണ്”- ചൈനീസ് എംബസിയുടെ ഔദ്യോഗിക എക്‌സ് പേജിലൂടെ അറിയിച്ചു.

ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവ പത്ത് ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഡൊണാൾഡ് ട്രംപ് വർധിപ്പിച്ചിരുന്നു. ഇതിനെതിരെ ചൈന ലോക വ്യാപാര സംഘടനയിൽ പരാതി നൽകിയിട്ടുണ്ട്. അമേരിക്കയുടെ ഏകപക്ഷീയമായ നികുതി നടപടികൾ ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾ ലംഘിക്കുന്നതും ചൈന- യുഎസ് സാമ്പത്തിക, വ്യാപാര ബന്ധത്തിന്റെ അടിത്തറ ഇളക്കുന്നതുമാണെന്നും ബെയ്‌ജിങ്‌ വാണിജ്യ മന്ത്രാലയം അറിയിച്ചു.

യുഎസിലേക്ക് ഫെന്റനൈൽ ഉൾപ്പടെയുള്ള മയക്കുമരുന്നുകൾ എത്തുന്നത് തടയാൻ ചൈന ശ്രമിക്കുന്നില്ലെന്ന ട്രംപിന്റെ ആരോപണത്തിനും ബെയ്‌ജിങ്‌ മറുപടി നൽകി. ”ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മുകളിലെ തീരുവ ഉയർത്താനുള്ള ബാലിശമായ കാരണമാണ് ഫെന്റനൈൽ. ഇത് യുഎസിന്റെ ആഭ്യന്തര പ്രശ്‌നമാണ്. യുഎസ് ജനതയുടെ നല്ലതിനായി ഫെന്റനൈൽ പ്രശ്‌നം പരിഹരിക്കാൻ ഞങ്ങൾ യുഎസിനെ സഹായിക്കുന്നു എന്ന് മാത്രം.

ഞങ്ങളുടെ സഹായങ്ങളെ അംഗീകരിക്കാതെ കുറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയുമാണ് യുഎസ് ചെയ്യുന്നത്. സമ്മർദ്ദം ചെലുത്തുന്നതും നിർബന്ധിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ചൈനയെ നേരിടാനുള്ള ശരിയായ മാർഗമല്ല. ഫെന്റനൈൽ പ്രശ്‌നം പരിഹരിക്കാൻ യുഎസ് ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ചൈനയെ തുല്യരായി പരിഗണിച്ച് കൂടിയാലോചനകൾ നടത്തുകയാണ് വേണ്ടത്”- ബെയ്‌ജിങ്‌ വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.

അമേരിക്കയിൽ നിർമിക്കാത്ത ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുമെന്നാണ് ട്രംപ് പറഞ്ഞത്. പതിറ്റാണ്ടുകളായി പല രാജ്യങ്ങളും യുഎസിനെതിരെ തീരുവ ഉപയോഗിക്കുന്നു. അവർക്കെതിരെ തിരിച്ച് തീരുവ ചുമത്താനുള്ള അവസരമാണിപ്പോൾ വന്നിരിക്കുന്നത്. ചൈനയ്‌ക്കെതിരെ യുഎസ് ചുമത്തുന്നതിന്റെ ഇരട്ടി തീരുവയാണ് യുഎസ് ഉൽപ്പന്നങ്ങൾക്ക് ചൈന ചുമത്തുന്നത്. ദക്ഷിണ കൊറിയ നാലിരട്ടിയും. ഏപ്രിൽ രണ്ടുമുതൽ പകരത്തിന് പകരം തീരുവ തുടങ്ങും. മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്ക് നൽകുന്ന ഇളവുകൾ നിരോധിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE