ബെംഗളൂരു: ബെംഗളൂരുവിൽ പേയിങ് ഗാസ്‌റ്റായി താമസിച്ചിരുന്ന മലയാളി കോളേജ് വിദ്യാർഥിനിയെ ബലാൽസംഗം ചെയ്‌ത കേസിൽ വീട്ടുടമയായ മലയാളി അറസ്‌റ്റിൽ. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കോഴിക്കോട് സ്വദേശിയായ അഷ്‌റഫിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
സോളദേവനഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർഥിനിയാണ് ബലാൽസംഗത്തിന് ഇരയായത്. പത്തുദിവസം മുൻപാണ് താൻ അഷ്‌റഫിന്റെ വീട്ടിൽ പേയിങ് ഗാസ്‌റ്റായി താമസം മാറിയതെന്ന് വിദ്യാർഥിനി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വെള്ളിയാഴ്‌ച അർധരാത്രിയാണ് അഷ്‌റഫ് ബലാൽസംഗം ചെയ്‌തതെന്നാണ് പരാതിയിൽ പറയുന്നത്. പിന്നാലെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
അർധരാത്രി 12.30ഓടെ വീട്ടിലെത്തിയ അഷ്‌റഫ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. താനുമായി സഹകരിച്ചാൽ മാത്രമേ ഇവിടെ ഭക്ഷണവും താമസവും നൽകാനാവൂ എന്നായിരുന്നു ഇയാളുടെ ഭീഷണി. എന്നാൽ, ഇതിന് വിസമ്മതിച്ചതോടെ അഷ്‌റഫ് കൈകളിൽ പിടിച്ചു ബലമായി വലിച്ചിഴച്ച് കാറിൽ കയറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് പരാതി.
ഇവിടെ നിന്ന് സുഹൃത്തിനെ വിവരമറിയിക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്നും പരാതിയിലുണ്ട്. മൊബൈൽ ഫോണിലൂടെ സ്‌ഥലത്തിന്റെ ലൊക്കേഷൻ സുഹൃത്തിന് അയച്ചുനൽകാനാണ് ശ്രമിച്ചത്. പക്ഷേ, അതിന് സാധിച്ചില്ല. പിന്നീട് പുലർച്ചെ 1.30നും 2.15നും ഇടയിലുള്ള സമയത്ത് അഷ്‌റഫ് തന്നെയാണ് തിരിച്ച് വീട്ടിൽ ഇറക്കിവിട്ടതെന്നും വിദ്യാർഥിനി പരാതിയിൽ പറഞ്ഞു.
Most Read| വിറക് അടുപ്പിലാണോ പാചകം? എന്നാൽ ശ്രദ്ധിക്കണം; തലച്ചോറിന് പ്രശ്‌നമെന്ന് പഠനം