ജറുസലേം: ഇസ്രയേലിന്റെ ആറംഗ യുദ്ധ കാബിനറ്റ് പിരിച്ചുവിട്ടതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേലിലെ മുതിർന്ന നേതാവും വാർ കാബിനറ്റ് അംഗവുമായിരുന്ന ബെനി ഗാൻസും സഖ്യകക്ഷിയായ ഗാഡി ഐസൻകോട്ടും പിൻവാങ്ങി ഒരാഴ്ചക്കുള്ളിലാണ് തീരുമാനം. പലസ്തീനുമായുള്ള യുദ്ധം സംബന്ധിച്ച മന്ത്രിസഭാ തീരുമാനങ്ങൾ ഇനിമുതൽ ചെറിയ ഗ്രൂപ്പുകളായി കൂടിയാലോചിച്ചു തീരുമാനിക്കും.
പുതിയ മാറ്റം സൈന്യത്തിന്റെ കമാൻഡിങ് ശൃംഖലയെ ബാധിക്കില്ലെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) വക്താവ് അറിയിച്ചു. ”പ്രതിപക്ഷ നേതാവ് ബെനി ഗാൻസിന്റെ പ്രത്യേക ആവശ്യപ്രകാരം അദ്ദേഹത്തെ ഉൾപ്പെടുത്തിയാണ് കാബിനറ്റ് രൂപീകരിച്ചത്. അദ്ദേഹം ഒഴിഞ്ഞതോടെ ഇനി അതിന്റെ ആവശ്യമില്ല”- നെതന്യാഹു പ്രതികരിച്ചു.
കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ സുരക്ഷാ കാബിനറ്റ് യോഗത്തിലാണ് നെതന്യാഹു തീരുമാനം പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, തെക്കൻ ഗാസാ മുനമ്പിൽ ദിവസവും 12 മണിക്കൂർ താൽക്കാലിക വെടിനിർത്തൽ ഉണ്ടാകുമെന്ന് ഇസ്രയേൽ സൈന്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മേഖലയിലെ സാധാരണക്കാർക്കുള്ള സന്നദ്ധ സംഘടനകളുടെ സഹായങ്ങൾ സുഗമമായി എത്തിക്കുന്നതിന് വേണ്ടിയാണിത്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ