പാലക്കാട്: ഭവാനി സാഗർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ ഭവാനി നദിയിലേക്ക് വെള്ളം തുറന്നു വിട്ടു. ഇതോടെ ഗോപി ചെട്ടിപ്പാളയം കൊടുവേരി ചെറിയ അണക്കെട്ടിലെ ജലപ്രവാഹം ശക്‌തമായി. ഇന്നലെ അണക്കെട്ടിലെ തടയണ കവിഞ്ഞൊഴുകിയതോടെ അധികൃതർ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ഭവാനി സാഗർ ഡാമിലെ ജലനിരപ്പ് ഇന്നലെ 100 അടിയായി ഉയർന്നതോടെയാണ് പുഴയിലേക്ക് വെള്ളം തുറന്നു വിട്ടത്.
ഭവാനി പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ നദിയുടെ ഇരു കരകളിലും താമസിക്കുന്ന 500 ഓളം കുടുംബങ്ങൾക്ക് ജില്ലാ വാട്ടർ അതോറിറ്റി അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീടുകളിലേക്ക് വെള്ളം കയറുന്ന സ്‌ഥിതി വന്നാൽ സുരക്ഷ മുൻനിർത്തി മറ്റു വീടുകളിലേക്ക് മാറി താമസിക്കണമെന്ന് നിർദ്ദേശം നൽകി.
കഴിഞ്ഞ ആഴ്‌ച മുതലാണ് ഇവിടേക്ക് സന്ദർശകരെ അനുവദിച്ച് തുടങ്ങിയത്. കോവിഡ് വ്യാപനം ആയതിനാൽ കഴിഞ്ഞ ഒരു വർഷം ഇവിടെ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഈ വർഷം കാലവർഷം കൂടുതലായി ലഭിച്ചതോടെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതിനാൽ അപകട സാധ്യത മുന്നിൽക്കണ്ടാണ് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കൊടുവേരി വഞ്ചി സവാരിയും നിരോധിച്ചിട്ടുണ്ട്.
Read Also: സംസ്‌ഥാനത്തെ പ്‌ളസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും