കോഴിക്കോട്: ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്ത ശേഷം കാണാതായ വാഹനം കണ്ടെത്തി. കോഴിക്കോട് മുക്കത്ത് നിന്ന് കഴിഞ്ഞ നവംബർ ഒമ്പതിന് കസ്റ്റഡിയിലെടുത്ത വാഹനമായിരുന്നു കാണാതായത്.
എന്നാൽ, സംഭവം വാർത്തയായതോടെ കാർ തന്റെ വീട്ടിലുണ്ടെന്ന് ഉടമ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. മുക്കത്തെ ഒരു ഗാരിജിന് സമീപത്തുനിന്ന് കണ്ടെത്തിയ വാഹനം കസ്റ്റഡിയിലെടുത്ത ശേഷം ഗാരിജിൽ തന്നെ സൂക്ഷിക്കാൻ ഏൽപ്പിച്ചതായിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി ഗാരിജിൽ എത്തിയപ്പോഴാണ് വാഹനം കാണാതായ കാര്യം വ്യക്തമായത്.
തുടർന്ന് കാർ കാണാനില്ലെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തന്നെയാണ് മുക്കം പോലീസിൽ പരാതി നൽകിയത്. ഗാരിജിൽ നിന്ന് കാർ കെട്ടിവലിച്ചാണ് ഉടമയുടെ വീട്ടിലെത്തിച്ചതെന്നാണ് വിവരം. കാർ കണ്ടെത്തിയതോടെ കസ്റ്റംസ് പരാതി പിൻവലിക്കുമോയെന്ന് വ്യക്തമല്ല. കസ്റ്റംസിന്റെ പരാതിയിൽ അന്വേഷണം നടക്കുന്നതായും കേസെടുത്തിട്ടില്ലെന്നും മുക്കം പോലീസ് അറിയിച്ചു.
കാറിൽ നിന്ന് ഉടമസ്ഥ രേഖകകൾ കീറിയ നിലയിൽ കണ്ടെടുത്തിരുന്നു. ഹിമാചൽ പ്രദേശിലെ ഷിംല സ്വദേശിയുടെ പേരിലുള്ള രേഖകളാണിത്. ആഡംബര കാർ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഴിഞ്ഞവർഷം സെപ്തംബർ 23ന് നടത്തിയ ‘ഓപ്പറേഷൻ നുംഖോർ’ പരിശോധനയിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി 16 വാഹനങ്ങളാണ് പിടിച്ചെടുത്തത്.
Most Read| ബഹിരാകാശ ചരിത്രത്തിലെ ഐതിഹാസിക വനിത; സുനിത വില്യംസ് വിരമിച്ചു





































