പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിൽ ആയിരുന്നു വോട്ടെടുപ്പ്. 60.41 ശതമാനമാണ് പോളിങ്. അന്തിമ കണക്കുകൾ വരുന്ന മുറയ്‌ക്ക് ഇതിൽ മാറ്റം വരാം. 3.75 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നത്.
രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പെങ്കിലും സുരക്ഷാ കാരണങ്ങളാൽ ചില മണ്ഡലങ്ങളിൽ അഞ്ചുവരെയാണ് വോട്ടെടുപ്പ് നടന്നത്. ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണം ഉൾപ്പടെയുള്ള ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ ഒഴിച്ച് നിർത്തിയാൽ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
ബെഗുസരായ് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത്. 67.32%. തൊട്ടുപിന്നിൽ സമസ്‌തിപൂർ (66.65), മധേപുര (65.74) എന്നീ ജില്ലകളുമുണ്ട്. 1314 പേരാണ് ആദ്യഘട്ട മൽസരത്തിൽ ഉള്ളത്. ഇന്ത്യ മുന്നണി മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്ന തേജസ്വി യാദവ് മൽസരിക്കുന്ന രാഘോപുർ, ബിജെപിയുടെ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി മൽസരിക്കുന്ന താരാപുർ എന്നിവിടങ്ങളിൽ ഉൾപ്പടെയാണ് വോട്ടെടുപ്പ് നടന്നത്.
ആർജെഡിയുടെ തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ കൂടാതെ നിരവധി മന്ത്രിമാർ ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ മൽസര രംഗത്തുള്ളതിനാൽ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഭരണകക്ഷിയായ എൻഡിഎയ്‌ക്കും പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിനും ഒരുപോലെ നിർണായകമാണ്.
11ന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ 122 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 14നാണ് വോട്ടെണ്ണൽ. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യമാണ് ആദ്യഘട്ട മണ്ഡലങ്ങളിൽ മുൻതൂക്കം നേടിയത്. 121ൽ 63 സീറ്റുകൾ സ്വന്തമാക്കി. എൻഡിഎ സഖ്യം 55 സീറ്റുകളാണ് നേടിയത്.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി







































