പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. ഒന്നാം ഘട്ടത്തിൽ 53.54 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. 2015ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ കുറവ് വോട്ടുകളാണ് രേഖപ്പെടുത്തിയത്.
2015ലെ തെരഞ്ഞെടുപ്പിൽ 54.94 ശതമാനമായിരുന്നു ആദ്യഘട്ട പോളിംഗ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 53.54 ശതമാനം പോളിംഗ് ബിഹാറിൽ രേഖപ്പെടുത്തിയിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്ത് നടന്ന ആദ്യ നിയമസഭാ തെരെഞ്ഞെടുപ്പാണിത്. 2 .14 കോടി വോട്ടർമാരാണ് ഇന്ന് ബിഹാറിൽ വോട്ട് ചെയ്തത്.
16 ജില്ലകളിൽ നിന്നുള്ള 71 മണ്ഡലങ്ങളിൽ നിന്നുള്ള 1066 സ്ഥാനാർഥികളാണ് ആദ്യഘട്ട വോട്ടെടുപ്പിൽ ജനവിധി തേടിയത്. ഇതിൽ ആർജെഡി 42 സീറ്റുകളിലും ജെഡിയു 35, ബിജെപി 29 കോൺഗ്രസ് 21, എൽജെപി 41, ഇടതുപാർട്ടികൾ 8 സീറ്റുകളിലും മൽസരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിന്റെ രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പുകൾ അടുത്ത മാസം 3നും 7നും നടക്കും.
Read also: അങ്കി ദാസിന്റെ രാജി കണ്ണില്‍ പൊടിയിടാന്‍ ആകരുത്; കെ സി വേണുഗോപാല്‍







































